തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ പ്രവൃത്തി ആരംഭിക്കുന്നു. 
പദ്ധതി പൂർത്തിയാവുന്നതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളമെത്തും. പുതുപ്പാടി,കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഒരു പദ്ധതിയും തിരുവമ്പാടി,കൂടരഞ്ഞി,കാരശ്ശേരി,കൊടിയത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മറ്റൊരു പദ്ധതിയുമായി രണ്ട് പദ്ധതികളായാണ് മണ്ഡലത്തിൽ പ്രവൃത്തി നടക്കുക.

പുതുപ്പാടിയിൽ 10112,കോടഞ്ചേരിയിൽ 8112,കാരശ്ശേരിയിൽ 7407,കൊടിയത്തൂരിൽ 6663,കൂടരഞ്ഞിയിൽ 3338,തിരുവമ്പാടിയിൽ 3400 വീടുകളും പദ്ധതിയിൽ ഉൾപ്പെടും.

ആദ്യ പദ്ധതിയിൽ ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട്ട് മലയിൽ പ്രധാന ടാങ്ക് നിർമ്മിക്കും.ഇവിടെ നിന്ന് ഗ്രാവിറ്റി വഴി മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യും.

രണ്ടാമത്തെ പദ്ധതിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങൽ പ്രദേശത്ത് 29 ലക്ഷം ലിറ്ററിന്റെ ടാങ്ക് നിർമ്മിക്കും. എല്ലാ പഞ്ചായത്തുകളിലും ടാങ്കും സമ്പും ഓൺലൈൻ ബൂസ്റ്റിംഗ് പംപിങ്ങും ഉണ്ടാവും.
കൂടാതെ ഉയർന്ന പ്രദേശങ്ങളിൽ ചെറു പദ്ധതികൾ വഴി ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യും.രണ്ട് പദ്ധതികളുടെയും സാങ്കേതികാനുമതി രണ്ടാഴ്ചക്കകം ലഭ്യമാകും.

പദ്ധതി സംബന്ധിച്ച് മണ്ഡലതല അവലോകന യോഗം ലിന്റോ ജോസഫ് എം.എൽ.എ യുടെ അധ്യക്ഷതയിൽ മുക്കം എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്നു.പദ്ധതിയുടെ സഹായത്തിന് ഗ്രാമപഞ്ചായത്തുകൾ എല്ലാവിധ പിന്തുണയും നൽകണമെന്ന് തീരുമാനിച്ചു. 

തുടർ നടപടികളെന്ന വണ്ണം എല്ലാ ഗ്രാമപഞ്ചായത്തുകളിലും എം.എൽ.എ പങ്കെടുത്തുകൊണ്ട് പ്രത്യേക ഭരണസമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ എം.എൽ.എ ക്ക് പുറമേ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم