ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിലെ വിദ്യാർഥികൾ സഹപാഠിക്കൊരു വീട് നിർമാണത്തിൽ ശ്രമദാനം നടത്തുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിക്കുന്നു.


 തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിക്കുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ സഹപാഠികളായ ഏഴാം ക്ലാസ് വിദ്യാർഥികൾ ക്ലാസ് ടീച്ചർ എൻ ജെ ദീപയോടൊപ്പം താൽപര്യപൂർവം രംഗത്തിറങ്ങി. തറയ്ക്കുള്ളിൽ മണ്ണു നിറയ്ക്കുന്ന പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അവർ ഏറ്റെടുത്ത് പൂർത്തിയാക്കി.

ആനക്കാംപൊയിൽ യുപി സ്കൂളിൽ അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് വിദ്യാർഥികളുള്ള ഭവന രഹിതരായ ഒരു കുടുംബത്തിനാണ് മാനേജ്മെന്റിന്റേയും പി ടി എ യുടെയും പൂർവ അധ്യാപക-വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വീട് നിർമിക്കുന്നത്.

 വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ശ്രമദാനത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ എം ബേബി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി ടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ വീട് നിർമാണ കമ്മിറ്റിയുടെ ചെയർമാൻ സി ജെ വർഗീസ്, അധ്യാപകരായ എബി ദേവസ്യ, ജെസ്റ്റിൻ പോൾ, എൻ ജെ ദീപ, എം സി എത്സമ്മ , രക്ഷിതാക്കളായ വി എസ് ജോബിൻ, സാജൻ, മഞ്ജു ബിജു എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളായ അജിൽ ബിജു, ആൽഡ്രിൻ ജോൺ, ആദിത് ഹരി, ശാന്തി മിത്രൻ , മിൻജെയിൻ ഷാജി, നിത്യചന്ദ്രൻ , സുബിൻ സജോയി, ജോയൽ ജോൺസൻ എന്നിവർ നേതൃത്വം നൽകി.




Post a Comment

Previous Post Next Post