കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റർ സ്വന്തം സ്ഥലത്തേക്ക് മാറ്റണം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന വികസന മുന്നേറ്റത്തിന് മറയിടാൻ വേണ്ടിയാണ് ഇടത് പക്ഷം പഞ്ചായത്തിനു മുന്നിലേക്ക് സമരം നടത്തുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പറഞ്ഞു. ഇടത് പക്ഷം സമരത്തിനായി തിരഞ്ഞെടുത്ത വിഷയമേഖലകളിലെല്ലാം ഗ്രാമ പഞ്ചായത്ത് മുന്നിലാണെന്ന് സമരക്കാർ തിരിച്ചറിയണം.
തിരുവമ്പാടി കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തനം കെ എസ് ആർ ടി സി യുടെ സ്വന്തം സ്ഥലത്തേക്ക് മാറ്റുന്നതിന് കെ എസ് ആർ ടി സി ക്ക് കത്ത് നൽകാൻ ഭരണ സമിതി തീരുമാനമെടുത്തിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ഡിപ്പോ നിർമ്മാണം നീളുന്നത് അംഗീകരിക്കാനാവില്ല.
ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനം താളം തെറ്റിയെന്ന ഇടത് വാദം അടിസ്ഥാനരഹിതമാണ്. ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനം തുടങ്ങിയത് നവംബർ പകുതിയോട് കൂടി മാത്രമാണ്.
ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതിയിൽ നാളിതുവരെ നടക്കാത്ത പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനോടകം തന്നെ 3 കോടി ഈ മേഖലയിൽ ചിലവിട്ടു കഴിഞ്ഞു.
കഴിഞ്ഞ വർഷം 300 തെരുവ് വിളക്കുകൾ പ്രധാന തെരുവുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. 400 ഓളം പുതിയ വിളക്കുകൾ വാർഡിലെ ഉൾ പ്രദേശങ്ങളിൽ ഈ വർഷം സ്ഥാപിക്കാനിരിക്കുകയുമാണ്. പഞ്ചായത്തിലെ കേടായ ജലനിധി പദ്ധതികൾ എല്ലാം പുനരുദ്ധാരണം നടത്തി കുടിവെള്ളം ലഭ്യമാക്കി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സാധ്യമാക്കുകയും ചെയ്തു.
2022-23 പദ്ധതി വർഷത്തിൽ പട്ടിക വർഗ്ഗം വികസന ഫണ്ട് ഇനത്തിൽ 62 ശതമാനവും, പട്ടികജാതി വികസന ഫണ്ടിനത്തിൽ 44.25 ശതമാനവും പൊതുവിഭാഗം വികസന ഫണ്ട് 16.86 ശതമാനവും ഇതിനോടകം ചെലവയിച്ച് കഴിഞ്ഞു. ആസ്തി പുനരുദ്ധാരണ ഫണ്ട് 25.57 ശതമാനവും ചെലവയിച്ചിട്ടുണ്ട്. ആകെ ചിലവിനത്തിൽ 16.08 ശതമാനവും ഒരു മാസ പ്രവർത്തനത്തിലൂടെ നടത്താൻ കഴിഞ്ഞത് വളരെ വലിയ മുന്നേറ്റമായിട്ടാണ് ഭരണസമിതി കാണുന്നത്.
പൊതുമരാമത് പദ്ധതി നിർവ്വണരംഗത്ത് ഒട്ടേറെ സാങ്കേതിക പരിഷ്കരണങ്ങൾ നടന്നു വരുന്നത് പദ്ധതി പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രൈസ് സോഫ്റ്റ്വെയർ, ആസ്തി ഡിജിറ്റലൈസേഷൻ ആർ - ട്രാക്ക് , ഇ- എം ബുക്ക് തുടങ്ങിയ പരിഷ്ക്കാരങ്ങൾ പൊതുമരാത് പ്രവൃത്തികളിലെ ചിലവിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ഗുണഭോക്തൃ പട്ടിക ആവശ്യമായ ഡയരി , കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഡിസംബർ അവസാനത്തോടെ വലിയ പുരോഗതിയുണ്ടാകും.ചില തദ്ദേശ സ്ഥാപനങ്ങളുടെ ചിലവിനത്തിലെ ചെറിയ വർദ്ധനവ് സാങ്കേതികം മാത്രമാണ്. മാർച്ച് പൂർത്തിയാകുമ്പോൾ ഇടത് പക്ഷത്തിന് ഒന്നും പറയാനുള്ള അവസരമുണ്ടാകില്ലെന്നും പറഞ്ഞു. പത്രസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ പങ്കെടുത്തു.
إرسال تعليق