കോടഞ്ചേരി: ഗ്രാമപഞ്ചായത്ത്  2021/2022 വാർഷിക പദ്ധതി ഉൾപ്പെടുത്തി പഞ്ചായത്തിലെ അഞ്ചു ക്ഷീരോൽപാദക  സഹകരണ സംഘങ്ങളിലെയും മികച്ച അഞ്ചു ക്ഷീര കർഷകരെ തെരഞ്ഞെടുത്ത് ഓരോ കർഷകനും പദ്ധതി ചെലവിന്റെ 50% തുകയായ 10000 രൂപ സബ്സിഡി നൽകി കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്ഷീര സംഘങ്ങളുടെ മേൽനോട്ടത്തിൽ ചാണകത്തെ മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുവാൻ കർഷകർക്ക് നൽകി.


 കർഷകരിൽ നിന്ന്  ചാണകം സംഭരിച്ച്  കൃഷി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായത്തോടെ ക്ഷീര വികസന വകുപ്പിന്റെ നിർദ്ദേശപ്രകാരം നിശ്ചിത അളവിൽ ഉണക്കി ചാണകപ്പൊടിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് 90 കിലോ ചാണകപ്പൊടിയിൽ ഒരു കിലോ ഡൈക്കോ ഡർമ്മ ( ജൈവകുമിൾ ) , 10 കിലോ ശുദ്ധമായ പൊടിച്ച വേപ്പും പിണ്ണാക്കും ചേർത്ത് വെയിൽ ഏൽക്കാതെ 15 ദിവസം ശാസ്ത്രീയമായി സംസ്കരിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ 25 കിലോ പാക്കറ്റുകളിൽ ആക്കി 375 രൂപ നിരക്കിൽ ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ വഴി  കേരകർഷകർക്ക് 2022/2023 സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ തെങ്ങിന് ജൈവവളം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവവളം നൽകുന്നതിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി  നിർവഹിച്ചു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഒരു ഹരിത ഗ്രാമമാക്കി മാറ്റുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തെങ്ങ് കർഷകർക്ക് 100% ജൈവമായതും ഗുണമേന്മ ഏറിയതുമായ ഈ സമ്പുഷ്ടീകരിച്ച ജൈവവളം  ജൈവകൃഷിരീതിയിൽ  ഉന്നതവിള ഉണ്ടാക്കുവാനും കർഷകരെ സഹായിക്കുവാനും തുച്ഛമായ വിലയിൽ ഗുണമേന്മയുള്ള വളം ഉപയോഗിക്കാനും സബ്സിഡി ലഭിക്കുവാനുള്ള എല്ലാ അർഹതയും ഉണ്ടായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പറഞ്ഞു.

 കോഴിക്കോട് ജില്ലയിൽ ക്ഷീരകർഷകർ ഏറെയുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സർവ്വ മേഖലയിലും  പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകരെ  സംരക്ഷിച്ചു നിർത്തുന്നതിനുo മാർക്കറ്റിൽ ലഭ്യമാകുന്ന ജൈവവളങ്ങളുടെ ഗുണനിലവാര തകർച്ച മൂലം കർഷകർക്ക് നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്ന് ഉദ്ദേശത്തോടുകൂടിയുമാണ്  ഗ്രാമപഞ്ചായത്ത് ഈ
 പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി.

സമ്പുഷ്ടീകരിച്ച ചാണകം ജൈവ വളം ആക്കി മാറ്റുന്നതിന് ആവശ്യമായ ദൈനംദിന സാങ്കേതിക സഹായങ്ങളും ഫീൽഡ് തല പരിശോധനകളും കൃഷി ഓഫീസർ രമ്യ രാജൻ, കൃഷി അസിസ്റ്റൻറ് മാരായ റിനീഷ് കെ, രാജേഷ് എം  എന്നിവർ നിരന്തരം സംരംഭക യൂണിറ്റുകൾ സന്ദർശിക്കുകയും കർഷകരെ പരിശീലിപ്പിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഗുണമേന്മയിൽ ഒട്ടും കുറവ് വരാതെ  ജൈവവളം ഉത്പാദിപ്പിക്കാൻ സാധിച്ചത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് ബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, കൊടുവള്ളി ബ്ലോക്ക്  ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്,  നെല്ലിപ്പൊയിൽ    ക്ഷീര സംഘം പ്രസിഡണ്ട്  വിൻസന്റ്  വടക്കേമുറിയിൽ, മൈക്കാവ് ക്ഷീര സംഘം പ്രസിഡണ്ട് തോമസ് ജോൺ, കോടഞ്ചേരി ക്ഷീര സംഘം പ്രസിഡണ്ട് സേവ്യർ കിഴക്കേ കുന്നേൽ, കണ്ണോത്ത്  ക്ഷീരസംഘം പ്രസിഡണ്ട് അന്ത്രയോസ് ചുണ്ടാട്ട്, മൈക്കാവ് സംഘം സെക്രട്ടറി സി ജെ പൗലോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,  എന്നിവർ പ്രസംഗിച്ചു

Post a Comment

أحدث أقدم