കോഴിക്കോട് :
കലോത്സവങ്ങൾ ആരോഗ്യകരമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാകുന്നതിലൂടെ പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കപ്പെടുന്നതെന്ന് തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കോഴിക്കോട് സിറ്റി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കലകളെ ഒരേ വേദിയിൽ സംഗമിപ്പിക്കുവാനും വിവിധ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനും കലോത്സവം വഴിയൊരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കലയും സാഹിത്യവും മനുഷ്യമനസ്സിനെ നിരന്തരം നവീകരിക്കുകയും മാനവികമൂല്യങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കുകയും ചെയ്യുന്നു. കലയുടെ നന്മയും വിശുദ്ധിയും ആഴത്തിൽ അടയാളപ്പെടുത്തിയ സമൂഹമാണ് നമ്മുടേത്. വിദ്യാലയങ്ങളെ കലാനിലയങ്ങളായി വിഭാവനം ചെയ്യുന്ന പുതിയ പാഠ്യപദ്ധതിയിൽ കലാപഠനത്തിനു സവിശേഷമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഓരോ കുട്ടിയുടെയും നൈസർഗിക വാസനകളെ പരിപോഷിപ്പിക്കാനും അവയുടെ അവതരണത്തിനു വേദിയൊരുക്കാനും പാഠ്യപദ്ധതി നിർദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടന്ന പരിപാടിക്ക് ഇതോടെ പരിസമാപ്തി കുറിച്ചു. കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അൽഫോൻസ മാത്യു, നവ്യ ഹരിദാസ്, ശോഭിത, കെ. റംലത്ത്, കോഴിക്കോട് സിറ്റി എ ഇ ഒ എം.ജയകൃഷ്ണൻ, കലോത്സവ കമ്മിറ്റി ജനറൽ കൺവീനറും സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസ് പ്രിൻസിപ്പലുമായ സിസ്റ്റർ ഷേർളി ജോസഫ്, സെന്റ് ജോസഫ്സ് ബോയ്സ് എച്ച് എസ് എസ് പ്രിൻസിപ്പൽ ഷാജി ആന്റണി, ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ.ടി.പി, പ്രോഗ്രാം കമ്മറ്റി കൺവീനർ സുഭാഷ് എൻ.കെ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق