സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരണത്തിന് യോഗ്യത നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികളായ പി നഷ, ആരതി പ്രദീപ് എന്നിവർ സ്കൂൾ കൃഷിയിടത്തിൽ
ഓമശ്ശേരി:
പ്രകൃതിയിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ജില്ലാ ബാലശാസ്ത്ര കോൺഗ്രസിൽ പ്രൊജക്ട് അവതരിപ്പിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ പി നഷയും ആരതി പ്രദീപും സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി.
പ്രകൃതിയിലെ മാറ്റങ്ങളെയും ജൈവ വൈവിധ്യത്തെയും ജീവജാലങ്ങളെയും കണ്ടും അറിഞ്ഞും വളരേണ്ട കുട്ടികൾ അതിൽ നിന്നെല്ലാം അകന്ന് മൊബൈൽ ഫോണുകൾക്കും കമ്പ്യൂട്ടറിനും മുൻപിൽ സമയം ചെലവഴിക്കുന്നുവെന്നും കോവിഡ് കാലത്തിനു ശേഷം കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതായും അതിവിദൂര ഭാവിയിൽ ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നും അടുത്ത തലമുറയ്ക്ക് പ്രകൃതിയിൽ നിന്നുള്ള അനുഭവങ്ങൾ അറിവുകൾ എന്നിവ പറഞ്ഞു കൊടുക്കാൻ പോലും കഴിവില്ലാത്ത ഒരു തലമുറയാണ് ഇപ്പോൾ വളർന്നു വരുന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും കുട്ടികൾ പ്രൊജക്ടിലൂടെ വ്യക്തമാക്കുന്നു. സയൻസ് അധ്യാപകരായ മിനി മാനുവൽ , സിബിതപി സെബാസ്റ്റ്യൻ എന്നിവർ വിദ്യാർഥികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകി വരുന്നു.
സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും പച്ചക്കറികളും വിവിധ ഇനത്തിൽപ്പെട്ട നൂറോളം മുളങ്കൂട്ടങ്ങളുമെല്ലാം സംരക്ഷിച്ചു വളർത്തി ജില്ലാ കലക്ടറിൽ നിന്ന് ഹരിത വിദ്യാലയപുരസ്കാരം നേടിയ വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .
إرسال تعليق