തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതിൻ്റെ ഭാഗമായുള്ള യു എച്ച് ഐ ഡി (യൂനീക് ഹെൽത്ത് ഐഡി) കാർഡ് വിതരണം തുടരുന്നു.
ഇനിമുതൽ ആശുപത്രിയിലെ ഒ.പി യിൽ വരുന്നവർ യു. എച്ച് .ഐ. ഡി കാർഡ് കൈപ്പറ്റുന്നതിനായി ആധാർ കാർഡും മൊബെൽ ഫോണും കൊണ്ടുവരണമെന്നും കാർഡിൻ്റെ ഫീസായി രജിസ്ട്രേഷൻ കൗണ്ടറിൽ പത്തു രൂപ അടയ്ക്കണമെന്നും എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ അറിയിച്ചു.
എന്താണ് യു.എച്ച്.ഐ ഡി കാർഡ്
ഇ-ഹെൽത്ത് കേരള സംവിധാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് യു.എച്ച്.ഐ.ഡി കാർഡ് വിതരണം ചെയ്യുന്നത്.
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കടലാസ് രഹിതമാക്കുന്നത് വഴി സമയലാഭവും രോഗീ സൗഹൃദമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യവുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വഴി ബന്ധിതമാക്കും.
ക്രോഡീകരിച്ച വ്യക്തിഗതവിവരങ്ങൾ ഏതു ആശുപത്രിയിലെ കമ്പ്യൂട്ടറിലും ലഭിക്കുമെന്നതിനാൽ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ യു.എച്ച്.ഐ.ഡി കാർഡ് ലഭിച്ചിട്ടുള്ള ഏതൊരാൾക്കും തുടർ ചികിത്സയും ആശുപത്രി സേവനങ്ങളും ആയാസരഹിതമാകും.
സമയനഷ്ടം ഒഴിവാക്കി അടുത്ത തവണ ഡോക്ടറെ കാണുന്നതിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ അഡ്വാൻസ് ടോക്കൺ വരെ ലഭിക്കുന്ന തരത്തിലാണ് ഇ-ഹെൽത്തിൽ സംവിധാനം ഒരുക്കുന്നത്.
ഓരോ വ്യക്തിയുടെയും ആരോഗ്യ പശ്ചാത്തലം അതത് ആളുകൾക്കായുള്ള യു.എച്ച്.ഐ.ഡി വഴി ഇ-ഹെൽത്ത് വിവര ശൃംഖലയിൽ നിന്നും ഏത് സർക്കാർ ആശുപത്രിയിലും ലഭ്യമാകും.
അതുവഴി ഡോക്ടർമാർക്ക് രോഗിയുടെ അസുഖ വിവരങ്ങൾ പരിശോധനാ റിപ്പോർട്ടുകൾ എന്നിവയെല്ലാം വിരൽത്തുമ്പിൽ ലഭിക്കും.
കൃത്യമായ ചികിത്സ സമയ നഷ്ടമില്ലാതെ നിർദ്ദേശിക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും. ഏകീകൃത നെറ്റ്‌വർക്ക് സംവിധാനത്തിലൂടെ ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകളുടെയും കുറിക്കുന്ന മരുന്നുകളുടെയും വിവരങ്ങൾ ബന്ധപ്പെട്ട ലാബിലേയ്ക്കും ഫാർമസി യിലേക്കും അപ്പപ്പോൾ എത്തുന്നത് വഴി അതത് ഇടങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് തങ്ങളുടെ ജോലി സുഗമമായി നിർവഹിക്കാനും സാധിക്കും.
ഒരുപടികൂടി കടന്ന് ഓൺലൈനായി ഡോക്ടറുടെ സേവനം തേടാവുന്ന ടെലിമെഡിസിൻ സംവിധാനവും ഇ-ഹെൽത്ത് കേരളയുടെ ഭാഗമായുണ്ട്.
എന്ന്,
എഫ്.എച്ച്.സി. തിരുവമ്പാടി മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post a Comment