കൊടുവള്ളി : നിയോജക മണ്ഡലത്തിലെ ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സ്റ്റുഡന്‍സ് വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.


കുട്ടികളുടെ ദൈനംദിന പഠനപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി ഈ സംവിധാനം മാറണമെന്നും ഇത് മാതൃകാപരമായ പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വരും തലമുറയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ്. കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനായി സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സാങ്കേതിക പഠനം ശകതമാക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുമെന്നും മന്ത്രി പറഞ്ഞു.

കൊടുവള്ളി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം. വിദ്യാര്‍ത്ഥികള്‍- അധ്യാപകര്‍-രക്ഷിതാക്കള്‍ എന്നിവരെ ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷനിലൂടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിയാന്‍ സാധിക്കും. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌ക്കൂളുകളെയും ബന്ധിപ്പിക്കുന്ന പദ്ധതി ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ രക്ഷിതാക്കള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഉപയോഗപ്രദമാവും.  


കളരാന്തിരി ജിഎംഎല്‍പിഎസ് സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍,  താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അരവിന്ദന്‍, കൗണ്‍സിലര്‍മാരായ എ.പി മജീദ് മാസ്റ്റര്‍, ഷംസുദ്ധീന്‍, വി.സി നൂര്‍ജഹാന്‍, സുബൈദ അബ്ദുസ്സലാം, എ.ഇ.ഒമാരായ അബ്ദുല്‍ ഖാദര്‍, പ്രേമന്‍, ഡിപിസി മെഹറലി നെടിയനാട, മുന്‍ എംഎല്‍എ വി.എം ഉമ്മര്‍ മാസ്റ്റര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم