ഓമശ്ശേരി: അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച 'ജലനിധി'യിലുൾപ്പെട്ട ഒമ്പതാം വാർഡിലെ തടത്തുമ്മൽ വാട്ടർ വേ ശുദ്ധജല വിതരണ പദ്ധതി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.2022-23 വർഷത്തെ സുസ്ഥിരതാ പദ്ധതിയിലുൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.പമ്പ് സെറ്റും അനുബന്ധ സാമഗ്രികളും പമ്പിങ് മൈനും മാറ്റിസ്ഥാപിക്കൽ,വിതരണ ലൈനിലെ പോരായ്‌മകൾ പരിഹരിക്കൽ,ഗുണഭോക്താക്കളുടെ മുഴുവൻ വീടുകളിലും വാട്ടർമീറ്ററും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കൽ,കിണറും പമ്പ് ഹൗസും ടാങ്കും അറ്റകുറ്റപ്പണി ചെയ്ത് പെയിന്റിംഗ് നടത്തൽ എന്നീ പ്രവർത്തനങ്ങളാണ് പുനരുദ്ധാരണ പദ്ധതിയിൽ പൂർത്തീകരിച്ചത്.
വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിച്ചിരുന്ന റ്വെണ്ണക്കോട് തടത്തുമ്മൽ പ്രദേശത്ത് നിലവിലുണ്ടായിരുന്ന ശുദ്ധജല വിതരണ പദ്ധതി പതിനെട്ട് വർഷം മുമ്പാണ് അന്നത്തെ വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ പി.പി.മൊയ്തീൻ കുട്ടി മാസ്റ്ററുടെ ശ്രമഫലമായി ലോകബാങ്ക് സഹായത്തോടെ ഓമശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കിയ 'ജലനിധി'യിലുൾപ്പെടുത്തി ആദ്യ ഘട്ട നവീകരണം നടത്തുന്നത്.മൊത്തം ചെലവായ തുകയുടെ പതിനഞ്ച് ശതമാനം ഗുണഭോക്താക്കൾ വഹിച്ചായിരുന്നു 'ജലനിധി'യിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
നിലവിൽ 42 കുടുംബങ്ങളാണ് കുടിവെളളമുപയോഗിക്കുന്നത്.ഓത്തിക്കുഴിയിൽ കിണറും തടത്തുമ്മലിൽ ടാങ്കും സ്ഥാപിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.പമ്പ് സെറ്റിന്റേയും വിതരണ ലൈനിലേയും പ്രശ്നങ്ങൾ കാരണം കുടിവെള്ളം നിലക്കുമെന്ന ആശങ്കയിലായിരുന്നു ഗുണഭോക്താക്കൾ.ഇപ്പോഴത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായതോടെ രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാരാമായിരിക്കുകയാണെന്ന് ഗുണഭോക്താക്കൾ പറഞ്ഞു.കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി(കെ.ആർ.ഡബ്ലിയു.എസ്.എ)യുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.നിലവിലെ നവീകരണത്തിന്റെ പത്ത് ശതമാനം ഗുണഭോക്താക്കളടച്ച വിഹിതവും പഞ്ചായത്തനുവദിച്ച പതിനഞ്ച് ശതമാനം വിഹിതവും പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ റിവോൾവിംഗ് ഫണ്ടായി നീക്കിവെച്ചിട്ടുണ്ട്.
ഉൽഘാടന ചടങ്ങിൽ വാർഡ് മെമ്പർ അശോകൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ റസാഖ് മാസ്റ്റർ തടത്തുമ്മൽ സ്വാഗതം പറഞ്ഞു.എ.കെ.സി.അബൂബക്കർ കുട്ടി മുസല്യാർ,എം.പി.മൊയ്തീൻ ഹാജി,ടി അബ്ദുല്ല ഹാജി,ടി.അബുബക്കർ,നിസാർ തടത്തുമ്മൽ,ടി.സാബിറ,ടി.നസീർ,ടി.ശിഹാബ്,എം.പി.ഇബ്റാഹിംകുട്ടി,ടി.കബീർ,എം.പി.ഷംസുദ്ദീൻ,കെ.കെ.ശാന്ത എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നവീകരിച്ച തടത്തുമ്മൽ ശുദ്ധജല വിതരണ പദ്ധതി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment