കോഴിക്കോട് : സാമൂഹ്യാധിഷ്ഠിത വികസന - ക്ഷേമ രംഗങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഒരുങ്ങി ജില്ലയിലെ ക്യാമ്പസുകൾ. ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ കീഴിൽ വിവിധ സാമൂഹ്യ മേഖലകൾ കേന്ദ്രീകരിച്ചുള്ള പദ്ധതി പരിപാടികൾക്കാണ് ക്യാമ്പസുകൾ രൂപം നൽകിയത്.
ഭിന്നശേഷി, മാലിന്യ പരിപാലനം - സംസ്കരണം, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. കോളേജുകളുടെ സമീപ തദ്ദേശ സ്ഥാപന മേഖലയിൽ നിന്ന് ഭിന്നശേഷിയുള്ളവരെ കണ്ടെത്തി ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന രേഖകൾ ലഭ്യമാക്കി നൽകുക, സഹായ ഉപകരണ വിതരണത്തിനാവശ്യമായ പിന്തുണ നൽകുക, കോളേജുകളിലെ ശാസ്ത്രീയ മാലിന്യം സംസ്കരണം ആസൂത്രണം ചെയ്തു ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്തുക, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലി രോഗങ്ങളുടെ സമഗ്ര പ്രതിരോധ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിയുടെ വിപുലമായ ക്യാമ്പയിൻ പരിപാടികൾ തുടങ്ങി വിവിധയിനം പദ്ധതി പരിപാടികൾക്ക് യോഗം രൂപം നൽകി.
കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കമ്പോസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ. കെ.എൻ. റോഷൻ ബിജ്ലി, നാഷ്നൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. നവീൻ എം., നിറവ് ഡയറക്ടർ ബാബു പറമ്പത്ത് തുടങ്ങിയവർ വിഷയാവതരണം നടത്തി. ഡി.സി.ഐ.പി. ഇന്റേർൺസ് ചർച്ചകൾക്ക് നേതൃത്വം നൽകി.
വിവിധ ക്യാമ്പസുകളിലെ ക്യാമ്പസസ് ഓഫ് കോഴിക്കോട് യൂനിറ്റ് ടീച്ചർ, സ്റ്റുഡന്റ് കോർഡിനേറ്റർമരാണ് യോഗത്തിൽ സംബന്ധിച്ചത്.
Post a Comment