തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുളള ഭാഗങ്ങള്‍ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. എസ് സി ഇ ആര്‍ ടി ഇതിനായി സപ്ലിമെന്ററിയായി പാഠപുസ്തകം പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കേന്ദ്ര നടപടിയില്‍ കരിക്കുലം കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.
ഒമ്പത്, പത്ത് ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് 'പരിണാമ സിദ്ധാന്തം' ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പരിണാമ സിദ്ധാന്തത്തെപ്പറ്റി മനസിലാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഭൂമിയിൽ ജീവനുണ്ടായതിനെപ്പറ്റിയോ ജീവപരിണാമത്തെപ്പറ്റിയോ അറിയാൻ കഴിയാതെ വരുമെന്ന് മന്ത്രി പറഞ്ഞു.
ശാസ്ത്രീയമായി വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിയാതെ വരുന്നത് കുട്ടികളുടെ ശാസ്ത്ര ചിന്തയെ പിന്നിലാക്കുന്നതിന് കാരണമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഒമ്പതാം ക്ലാസിലെ കാലികപ്രസക്തിയുള്ള മൂന്ന് അധ്യായങ്ങളാണ് എൻസിഇആർടി ഒഴിവാക്കിയിരിക്കുന്നത്. യുക്തിസഹമായ ഉള്ളടക്കം കൊണ്ടുവരികയെന്ന ഉദ്ദേശത്തിൻ്റെ ഭാഗമായിട്ടാണ് എൻസിഇആർടി ഒമ്പതിലേയും പത്തിലേയും പരസ്പരം ബന്ധപ്പെട്ട രണ്ട് പാഠഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് വിശദീകരണം.
വിഷയത്തിൽ കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ടെന്നും ആ നിലപാടുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
6 സിബിഎസ്ഇ അധ്യാപകരുമായും 25 വിദഗ്ധരുമായും കൂടിയാലോചിച്ചതിന് ശേഷമാണ് എൻസിഇആർടി പ്ലസ്ടു സിലബസിൽ പരിഷ്കരണം നടത്തിയതെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം.
സിലബസിൽ നിന്ന് മുഗൾ രാജവംശത്തിന്റേയും മഹാത്മ ഗാന്ധി, നാഥുറാം ഗോഡ്സെ, 2002 ഗുജറാത്ത് കലാപം, ഹിന്ദു തീവ്രവാദികളെ കുറിച്ചുളള പരാമർശം എന്നിവ ഒഴിവാക്കിയത് കൂടിയാലോചനയ്ക്ക് ശേഷമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സിലബസ് പരിഷ്കരണത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു വിശദീകരണം
Post a Comment