തിരുവനന്തപുരം:
വിഴിഞ്ഞത്ത് കിണറിൽ അകപ്പെട്ട മഹാരാജനെ കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വെള്ളവും ചെളിയും നീക്കം ചെയ്യുന്ന ജോലികൾ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ മഹാരാജനെ ഉടൻ പുറത്തെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് NDRF അടക്കമുള്ള ദൗത്യസംഘം.
മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠൻ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതോടെ പഴയ ഉറകൾ മാറ്റാനാണ് മഹാരാജൻ ഉൾപ്പെട്ട സംഘം എത്തിയത്. മഹാരാജനും മണികണ്ഠനുമാണ് കിണറിലിറങ്ങിയത്.
വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഇതിനിടെ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുന്നതും കണ്ട് ഉള്ളിലുണ്ടായിരുന്നവരോട് കരയ്‌ക്കു കയറാൻ ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, ഇവർ കയറുംമുമ്പേ കിണറിന്റെ മധ്യഭാഗത്തുനിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് മഹാരാജനുമൊപ്പം വീണു. മണികണ്ഠൻ കയറിൽ പിടിച്ചുകയറി. മണ്ണിനൊപ്പം കോണ്‍ക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമായത്. അഗ്‌നിരക്ഷാസേന ഉടൻ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.
Post a Comment