നിലമ്പൂർ: ഉയർന്ന പുൽമേടുകളിൽ പ്രജനനം നടത്തുന്ന തദ്ദേശ ഇനത്തിൽപെട്ട നെൽപൊട്ടൻ  (golden headed cisticola) എന്ന പക്ഷിയെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ കുരിശുമലയിൽ  കണ്ടെത്തി. പക്ഷിനിരീക്ഷകരും വന്യജീവി ഫൊട്ടോഗ്രഫർമാരുമായ അബ്ദുല്ല പറമ്പാട്ടും ഹസനുൽ ബസരിയുമാണു നിരീക്ഷണ യാത്രയ്ക്കിടയിൽ പക്ഷിയെ കണ്ടെത്തിയത്. 

തെക്കുകിഴക്കൻ ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും പുൽമേടുകളിൽ കണ്ടുവരുന്ന നെൽപൊട്ടന്റെ ഉപവിഭാഗമാണു കേരളത്തിൽ കാണപ്പെടുന്നതെന്ന് അവർ പറഞ്ഞു. മുഖ്യമായും ചെറിയ പ്രാണികളെയും പുൽച്ചാടികളെയും ആഹാരമാക്കുന്നവയാണ്. 

പേരു സൂചിപ്പിക്കുന്നതു പോലെ ആൺപക്ഷിയുടെ  തല സ്വർണ നിറത്തിലായിരിക്കും. പെൺപക്ഷിയുടെ തലയിൽ കറുത്ത വരകളും കാണപ്പെടുന്നു. നിരന്തരം ശബ്ദമുണ്ടാക്കുന്ന ഇവയെ ശബ്ദംകൊണ്ടും തിരിച്ചറിയാം. 


കേരളത്തിൽ നേരത്തേ  വയനാടൻ കുന്നുകളിലും  കാസർകോട് റാണിപുരത്തും കണ്ണൂർ പൈതൽമലയിലും ഇത്തരം പക്ഷിയെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാലക്കാട് ചുരത്തിന്റെ തെക്കൻ പശ്ചിമഘട്ട മലനിരകളിലെ പുൽമേട്ടുകളിൽ ഇവയെ കാണാറില്ല. പക്ഷി വിവരണ പോർട്ടലായ ഇ ബേർഡ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണ് ഇതെന്നു പക്ഷി നിരീക്ഷകൻ വി.കെ.മുഹമ്മദ് ഹിറാഷ് അഭിപ്രായപ്പെട്ടു.
കടപ്പാട്: മനോരമ

Post a Comment

أحدث أقدم