അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി തന്നോട് പറഞ്ഞതായും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്തു.


ന്യൂഡൽഹി: 
മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് പ്രതിപക്ഷം ചോദ്യമുയർത്തുകയാണ്. 
ഇപ്പോഴിതാ വിഷയത്തിൽ താൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ഈ ആക്രമണം തീർത്തും അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി തന്നോട് പറഞ്ഞതായും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്തു.


സ്ത്രീകളെ ന​ഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകളും കൂട്ടബലാത്സം​ഗത്തിനിരകളായതായി ഒരു ​ഗോത്രസംഘ​ടന ആരോപിക്കുന്നു. 
മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ബലാത്സം​ഗത്തിന് ഇരയായ ഒരു സ്ത്രീ മരിച്ചെന്നും സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ക്രോൾ. ഇൻ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ അക്രമ സംഭവങ്ങളിലും സർക്കാരിന്റെ നിഷ്ക്രിയത്വത്തിലും പ്രതിപക്ഷം ശക്തമായി അപലപിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 'പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഐഎൻഡിഐഎ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി,' രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.


മണിപ്പൂരിലെ ഭീകരതയ്ക്ക് ശേഷവും പ്രധാനമന്ത്രി മോദി മൗനം തുടരുകയാണ്. മൗനം മനുഷ്യത്വരഹിതമായ ക്രൂരതയെ പ്രതിഫലിപ്പിക്കുന്നു. അത്തരം ക്രൂരത കുറ്റകരവും വെറുപ്പുളവാക്കുന്നതുമാണ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ ഭയാനകമായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മോദി സർക്കാർ അനുവദിക്കുമോ എന്ന് കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേശ് ട്വീറ്റിലൂടെ ചോദിച്ചു.
 

Post a Comment

أحدث أقدم