പത്തനംതിട്ട:
ഒന്നര വര്‍ഷമായി കാണാതായ കലഞ്ഞൂര്‍പാടം വണ്ടണി സ്വദേശി നൗഷാദിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് നടന്ന പരിശോധന നാശനഷ്ടമുണ്ടാക്കിയിരിക്കുന്ന വീട് അധികൃതർ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പരുത്തിപ്പാറ പാലമുറ്റത്ത് വീട്ടില്‍ ബിജു കുമാർ. രണ്ട് വർഷം മുമ്പ് മൂന്ന് മാസകാലത്തോളം ബിജുവിന്റെ വീട്ടിലാണ് നൗഷാദും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുമെന്ന് ബിജു അറിയിച്ചു.
നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ ഭാര്യ അഫ്‌സാനയുടെ മൊഴിയില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടുടമയായ ബിജു രംഗത്തെത്തിയത്.
പരുത്തിപ്പാറ ലക്ഷംവീട് പള്ളിയ്ക്ക് സമീപമാണ് ബിജുകുമാറിന്റെ വീട്. ഈ വീട്ടിലാണ് നൗഷാദും കുടുംബവും താമസിച്ചിരുന്നത്. അതേ വീടിന്റെ മറ്റൊരു മുറിയിലായിരുന്നു ബിജു താമസിച്ചിരുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വീടും പരിസരവും പൊലീസ് പരിശോധന നടത്തിയിരുന്നു. അടുക്കളയിലും കിടപ്പുമുറിയിലും പരിശോധനയുടെ ഭാഗമായി കുഴികളെടുത്തു.
സെപ്റ്റിക്ടാങ്ക് തുറന്ന് പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിന് ശേഷം അതൊന്നും ശരിയാക്കാതെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്നായിരുന്നു ബിജുവിന്റെ പരാതി.
തന്റെ അടുക്കള മുഴുവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാകാവശ കമ്മീഷനെ സമീപിക്കുമെന്നും ബിജു പറഞ്ഞു.
1500 രൂപ വാടകയ്ക്കാണ് നൗഷാദും കുടുംബവും വീട്ടില്‍ താമസിച്ചിരുന്നത്. കൃത്യമായി വാടക നൽകിയിരുന്നതുമില്ല. ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നത് അഥിതി തൊഴിലാളികളാണ്. ടാപ്പിങ് തൊഴിലാളിയായ ബിജുവിന് ഇതെല്ലാം ശരിയാക്കിയെടുക്കുന്നതിനായുള്ള സാമ്പത്തിക സ്ഥിതിയില്ല.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. കുഴിമറ്റം എന്ന സ്ഥലത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. ജെയ്‌മോൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ടെത്തിയത്. ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്സാന മൊഴി നൽകിയിരുന്നു.
2021 നവംബർ ഒന്നു മുതലാണ് നൗഷാദിനെ കാണാതായത്. ബന്ധുവിന്റെ പരാതി പ്രകാരം കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നുദിവസം മുമ്പ് പ്രതി അഫ്സാന ഭർത്താവ് നൗഷാദിനെ അടൂരിൽ വച്ച് കണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കൂടൽ എസ് എച്ച് ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ അഫ്സാനയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
താൻ ഭർത്താവിനെ കൊന്നുവെന്ന് അഫ്സാന മൊഴി നൽകുകയായിരുന്നു.
إرسال تعليق