ഓമശ്ശേരി: എൻ.ഐ.ടി-പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനുമിടയിലുള്ള കുമ്പളോട്ട്‌ നടയിൽ കലുങ്കിനോട്‌ ചേർന്ന് വീണ്ടും  രൂപപ്പെട്ട വലിയ ഗർത്തം അപകട ഭീഷണിയാവുന്നു.
നിരവധി വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ ഇടക്കിടെ രൂപപ്പെടുന്ന ഈ വലിയ കുഴി അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.

ഇതിനു മുമ്പും ഇവിടെ ഗർത്തങ്ങൾ രൂപപ്പെടാറുണ്ടായിരുന്നു.പരാതി ലഭിച്ചാൽ അധികൃതർ താൽക്കാലികമായി പരിഹരിക്കലാണ്‌ പതിവ്‌.ഗ്രാമീണ മേഖലയിലെ പ്രധാനപ്പെട്ട ഈ റോഡ്‌ പുനരുദ്ധാരണം വൈകുന്നത്‌ മൂലം പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതം തന്നെ ഏറെ ദുഷ്കരമായ രീതിയിലാണുള്ളത്‌.

അതിനിടയിലാണ്‌ റോഡിൽ കലുങ്കിനോട്‌ ചേർന്ന് രൂപപ്പെട്ട ഭീതിപ്പെടുത്തുന്ന കുഴി.
അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ കുഴിയിൽ ഓലയും മറ്റും വെച്ചിരിക്കുകയാണ്‌.

നിലവിൽ ഈ റോഡ്‌ കെ.ആർ.എഫ്‌.ബിയുടെ അധീനതയിലാണുള്ളത്‌.എൻ.ഐ.ടി.മുതൽ കൂടത്തായി വരെ കിഫ്ബിയിലുൾപ്പെടുത്തി 60.79 കോടി രൂപ ചെലവഴിച്ച്‌‌ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ സർക്കാറിൽ നിന്നും ഭരണാനുമതിയും സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്‌.2017 ലാണ്‌ ഭരണാനുമതി ലഭിച്ചത്‌.

2019 ൽ സാമ്പത്തികാനുമതിയും.11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനരുദ്ധാരണത്തിനുള്ള കരാർ ലഭിച്ചത്‌ യു.എൽ.സി.സി.എസ്‌ എന്ന കമ്പനിക്കാണ്‌.
എന്നാൽ സാങ്കേതികക്കുരുക്കുകൾ പറഞ്ഞ്‌ പ്രവൃത്തി തുടങ്ങാൻ വൈകുന്നത്‌ നാട്ടുകാരിൽ കടുത്ത രോഷത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരിക്കുകയാണ്‌.

ഗ്രാമീണ മേഖലയിലെ തിരക്കു പിടിച്ച പ്രധാന റോഡിൽ വീണ്ടും രൂപപ്പെട്ട ഗർത്തം ഭീതിയുളവാക്കുന്നതാണെന്നും ഗൗരവമേറിയ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഉടനെ പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട്‌‌ വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ പ്രൊജക്റ്റ്‌ കോഴിക്കോട്‌,വയനാട്‌ ഡിവിഷൻ മാനേജ്‌മന്റ്‌ യൂണിറ്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർക്ക്‌ രേഖാമൂലം പരാതി നൽകി.

പ്രശ്നത്തിന്‌ ഉടനെ പരിഹാരമുണ്ടാക്കുമെന്ന് കെ.ആർ.എഫ്‌.ബി.എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ വാർഡ്‌ മെമ്പർക്ക്‌ ഉറപ്പ്‌ നൽകി.

Post a Comment

Previous Post Next Post