ഓമശ്ശേരി:ആർ.ഇ.സി-പുത്തൂർ-കൂടത്തായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക്‌ തുടക്കമാവുന്നു.പ്രവൃത്തി ഉൽഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം 20 ന്‌ (തിങ്കൾ) കൂടത്തായിയിൽ നിന്നാരംഭിക്കും.കൊടുവള്ളി,കുന്ദമംഗലം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഈ റോഡ്‌ നിലവിൽ കെ.ആർ.എഫ്‌.ബിയുടെ അധീനതയിലാണുള്ളത്‌.റോഡിന്റെ സിംഹ ഭാഗവും കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഓമശ്ശേരി പഞ്ചായത്ത്‌ പരിധിയിലാണുള്ളത്‌.

എൻ.ഐ.ടി.മുതൽ കൂടത്തായി വരെ കിഫ്ബിയിലുൾപ്പെടുത്തി 60.79 കോടി രൂപ ചെലവഴിച്ച്‌‌ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ്‌ സർക്കാറിൽ നിന്നും ഭരണാനുമതിയും സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്‌.2017 ൽ ഭരണാനുമതിയും 2019 ൽ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികക്കുരുക്കും മറ്റും കാരണം പ്രവൃത്തി തുടങ്ങാനായില്ല.11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനരുദ്ധാരണത്തിനുള്ള കരാർ ഇപ്പോൾ ലഭിച്ചത്‌ യു.എൽ.സി.സി.എസ്‌ എന്ന കമ്പനിക്കാണ്‌.സാങ്കേതികക്കുരുക്കുകൾ പറഞ്ഞ്‌ പ്രവൃത്തി തുടങ്ങാൻ വൈകുന്നത്‌ നാട്ടുകാരിൽ കടുത്ത രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.ഗ്രാമീണ മേഖലയിലെ വളരെ പ്രധാനപ്പെട്ട ഈ റോഡ്‌ പുനരുദ്ധാരണം വൈകിയത്‌ മൂലം പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതം തന്നെ ഏറെ ദുഷ്കരമായ രീതിയിലാണുള്ളത്‌.പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ ഗ്രാമീണ വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ്‌ വിരാമമാവുന്നത്‌.

കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നിർദേശ പ്രകാരം ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും കെ.ആർ.എഫ്‌.ബി,കരാർ കമ്പനി അധികൃതരുടേയും സംയുക്ത യോഗത്തിൽ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പദ്ധതികളാവിഷ്കരിക്കുകയും ചെയ്തു.പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതിനാവശ്യമായ എല്ലാ വിധ പിന്തുണയും ജനപ്രതിനിധികൾ ഉറപ്പ്‌ നൽകി.സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്ന് നിർമ്മാണ കമ്പനി അധികൃതരും പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ആമുഖ പ്രസംഗം നടത്തി.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,യു.എൽ.സി.സി.പ്രതിനിധികളായ എം.എം.സുരേന്ദ്രൻ,പി.കെ.ഷിനോജ്‌,പി.ബാബുലാൽ,ടി.പി.ജിജുലാൽ,കെ.ആർ.എഫ്‌.ബിയുടെ പി.ഇ.ശരത്‌ ശിവൻ.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

أحدث أقدم