പാലക്കാട്: കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ചിറ്റൂരിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്.
ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ രാവിലെ 8. 30 വരെ പൊതു ദർശനത്തിന് വെക്കുന്ന മൃതദേഹങ്ങൾ രാവിലെ 10 മണിയോടെ ചിറ്റൂർ മന്ദക്കാട് ശ്മശാനത്തിൽ സംസ്കരിക്കും.
നെടുങ്ങോട് സ്വദേശികളായ ആർ. അനിൽ (34), എസ്. സുധീഷ് (32), കെ. രാഹുൽ (28), എസ്. വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണ് ശ്രീനഗറിൽനിന്ന് മുംബൈ വഴി മൃതദേഹങ്ങൾ എത്തിച്ചത്.
ശ്രീനഗർ–ലേ ഹൈവേയിൽ ചൊവാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചിറ്റൂരിൽനിന്ന് 13 പേരടങ്ങുന്ന സംഘം നവംബർ 30നാണ് ട്രെയിനിൽ യാത്ര പുറപ്പെട്ടത്. സോനാമാർഗിലേക്ക് രണ്ടു കാറുകളിലെത്തിയ സംഘം പനിമത്ത് പാസിൽ സ്കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയന്റിൽ വെച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറടക്കം എട്ട് പേർ കയറിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ശ്രീനഗറിൽ തുടരുകയാണ്.
Post a Comment