മുക്കം : ഭീമമായ സെക്യൂരിറ്റി ഡിപ്പോസിറ്റും, വാടകയും കൊടുത്ത് ജി എസ് ടി രജിസ്ട്രേഷനും, ലൈസൻസും ഒക്കെ എടുത്ത് സർക്കാർ നിർദേശങ്ങൾ എല്ലാം പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്കുകുത്തികളാക്കിക്കൊണ്ട് യാതൊരു മാനദണ്ഡവും പാലിക്കാതെ വാഹനങ്ങളിലും, പാതയോരത്ത് ഷീറ്റ് വലിച്ചു കെട്ടിയുമൊക്കെ നടന്നുവരുന്ന വഴിയോര കച്ചവടം ഇനിയും കണ്ടു നിൽക്കാൻ ആവില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധിതവണ അധികാരികൾക്ക് നിവേദനങ്ങളും പരാതികളും ഒക്കെ കൊടുത്തിട്ടും യാതൊരുവിധ പരിഹാരവും ലഭിക്കാത്ത സാഹചര്യത്തിൽ വലിയ പ്രക്ഷോഭ സമരപരിപാടികൾ ആരംഭിക്കുവാൻ, മുക്കം വ്യാപാരഭവനിൽ നടന്ന കെ വി വി ഇ എസ് തിരുവമ്പാടി നിയോജക മണ്ഡലം നേതൃ സമ്മേളനം ആഹ്വാനം ചെയ്തു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം ഇരുപത്തിമൂന്നാം തീയതി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന പ്രതിഷേധ പ്രകടനവും, ധർണയും വിജയിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.
കെ വി വി ഇ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക യോഗം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പി പ്രേമൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, പി ടി ഹാരിസ്, അബ്ദുൽ മജീദ്, മുഹമ്മദ് പാതി പറമ്പിൽ, ബി മൊയ്തീൻകുട്ടി, റഹീം അടിവാരം, എം ടി അസ്ലം, ഷെരീഫ് അമ്പലക്കണ്ടി, ജോൺസൺ വയലിൽ, ഫൈസൽ ടി പി, ഷിംജി വാര്യംകണ്ടി, ബെന്നി അന്തീനാട്ട്, ഹുസൈൻ ഗ്രീൻ ഗാർഡൻ,അനിസുദ്ധീൻ കെ,ബാലകൃഷ്ണൻ പുല്ലാട്ട്, ഫൈസൽ എം കെ എന്നിവർ പ്രസംഗിച്ചു.
إرسال تعليق