കൂടരഞ്ഞി : മലയോര ഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുമ്പാറയിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതരപരിക്ക്.
മലപ്പുറം കാവനൂർ കാരപറമ്പ് പുത്തൻപീടിക വീട്ടിൽ മുനീബ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാവനൂർ ചെറുവല്ലക്കാടൻ മുഹമ്മദ് അനീസി(24)നെ ഗുരുതരപരിക്കുകളോടെ മാമ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് കക്കാടംപൊയിൽ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അമ്പതടിയോളം താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ നവംബറിൽ ഇതേസ്ഥലത്ത് ബൈക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ടുവിദ്യാർഥികൾ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. കഴിഞ്ഞവർഷം ബൈക്ക് മറിഞ്ഞ് മറ്റൊരു യുവാവും ഇവിടെ മരിച്ചിട്ടുണ്ട്. മുമ്പും കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പൊന്തക്കാടുകൾ നിറഞ്ഞതിനാൽ അപകടമുണ്ടായാൽപ്പോലും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന സ്ഥിതിയുണ്ട്. മലയോര ഹൈവേയുടെ ഭാഗമായി റോഡ് വികസിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങൾ നിരന്തരമുണ്ടാകും ഈ റൂട്ടിൽ. വിദൂരജില്ലകളിൽനിന്നടക്കം ബൈക്കുകളിലും കാറുകളിലും മറ്റുമായി വിനോദസഞ്ചാരികളെത്തുന്നു. വാഹനാപകടം പതിവാണ് ഇവിടെ.
إرسال تعليق