മുക്കം: നെല്ല് കൊയ്തതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന നെൽപ്പാടം കണ്ടപ്പോൾ മലപ്പുറം സ്വദേശിയായ സൈഫുല്ലയ്ക്ക് ഒരു ചിന്ത തോന്നി. അവിടെ തണ്ണിമത്തൻ നട്ടുപിടിപ്പിച്ചാലോ... മനസ്സിലെ ചിന്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. പിന്നെ ഒട്ടും താമസിചില്ല, സൈഫുല്ലയും കൂട്ടുകാരും പ്രദേശത്തെ എല്ലാ വയലുകളും തണ്ണിമത്തൻ കൃഷിക്കായി പാട്ടത്തിനെടുത്തു.
പുൽപ്പറമ്പിലെ 12 ഏക്കറയോളം സ്ഥലത്താണ് മലപ്പുറത്തുനിന്നുള്ള സൈഫുല്ല, വാഴക്കാട് മപ്രം സ്വദേശി സലീം, വാലില്ലാപ്പുഴ സ്വദേശി അബ്ദുൾ ഖാദർ എന്നിവർ രണ്ട് മാസം മുമ്പ് തണ്ണിമത്തൻ കൃഷി ആരംഭിച്ചത്. അവർ ഉണങ്ങിയ വയൽ ഉഴുതുമറിച്ച് ഡ്രിപ്പ് ഇറിഗേഷൻ നടത്തി ശാസ്ത്രീയമായി കൃഷി ചെയ്തപ്പോൾ അപ്രതീക്ഷിത വിളവ് ലഭിച്ചു. ഈ നാട്ടിൽ തണ്ണിമത്തൻ കൃഷി അത്ര സുലഭമല്ലാത്ത സമയത്താണ് വ്യാവസായികാടിസ്ഥാനത്തിൽ ഇവർ നാലിനങ്ങൾ തണ്ണിമത്തൻ നട്ട് വിളവെടുത്തത്.
കിരൺ, ഓറഞ്ച് മഞ്ച്, ജൂബിലി കിംഗ്, മഞ്ഞ എന്നീ നാലിനങ്ങളാണ് കൃഷി ചെയ്തത്. മധുരമൂറുന്ന സ്വാധോടു കൂടിയുള്ള തണ്ണിമത്തൻ വാങ്ങാൻ പ്രദേശത്തേക്ക് ആളുകൾ ഒഴുകുകയാണ്. വിളവെടുക്കുന്ന വയലിൽ നിന്നു തന്നെയാണ് വിപണനം ചെയ്യുന്നത്. ഇനി ഒരാഴ്ചത്തേക്ക് പുൽപ്പറമ്പ് പാടം തണ്ണീർമത്തൻ ദിനങ്ങളാണ്.
ഇന്നലെ നടന്ന വിളവെടുപ്പ് ഉത്സവം മുക്കം കൃഷി ഓഫീസർ ടിൻസി ടോം, ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്റർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യനാരായണൻ മാസ്റ്റർ, മജീദ് ബാബു, റുബീന, കർഷകർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു നിർവഹിച്ചു.
Post a Comment