തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.


പത്തനംതിട്ട

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും


ഇടുക്കി

ഇടുക്കി ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾകക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.


വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്താൻ പാടില്ല. മാതാപിതാക്കൾ ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളിൽ അത്തരം കുട്ടികൾ അവധി മൂലം വീട്ടിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അങ്കണവാടി അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഇതിനാവശ്യമായ നിർദേശങ്ങൾ ഐസിഡിഎസ് സൂപ്പർവൈസർ അങ്കണവാടി അധ്യാപകർക്ക് നൽകേണ്ടതുമാണ്.


മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

എറണാകുളം

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.


തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ്‌ 26 ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.


വയനാട്

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ അവധിയായിരിക്കുമെന്ന് കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമല്ല


കണ്ണൂർ

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കാസർകോട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.


 

Post a Comment

أحدث أقدم