ലഹരിക്കെതിരെ ടു മില്യൻ പ്ലഡ്‌ജ്‌ വിജയിപ്പിക്കും


ഓമശ്ശേരി:അമ്പലക്കണ്ടി എട്ടാം വാർഡിലെ തുവ്വക്കുഴി എം.എസ്‌.അനന്തുവിന്‌ എം.ജി.യൂണിവാഴ്സിറ്റിയുടെ ഡിഗ്രി പരീക്ഷയിൽ എട്ടാം റാങ്ക്‌ ലഭിച്ചു.2024-25 വർഷത്തെ ബി.എ.ഹിസ്റ്ററി(ആർക്കിയോളജി ആന്റ്‌ മ്യൂസിയോളജി)യിലാണ്‌ അനന്തു അഭിമാന നേട്ടം കൈവരിച്ചത്‌.പാല സെന്റ്‌ തോമസ്‌ കോളജിലെ വിദ്യാർത്ഥിയായ അനന്തു,ശശിധരൻ-സ്മിത ദമ്പതികളുടെ മകനാണ്‌.മികച്ച വിജയം നേടിയ അനന്തുവിനെ അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ നടന്ന അമ്പലക്കണ്ടി എട്ടാം വാർഡ്‌ ഗ്രാമസഭയിൽ ഉപഹാരം നൽകി അനുമോദിച്ചു.എട്ടാം വാർഡിൽ നിന്ന് എൽ.എസ്‌.എസ്‌,യു.എസ്‌.എസ്‌,എൻ.എം.എം.എസ്‌.പരീക്ഷകളിൽ യോഗ്യത നേടിയവർക്കും എസ്‌.എസ്‌.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്‌ നേടിയവർക്കും ഗ്രാമസഭയിൽ വെച്ച്‌ ഉപഹാരങ്ങൾ കൈമാറി.

പ്രതികൂല കാലാവസ്ഥയിലും വാർഡിലെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ഗ്രാമസഭ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.എൻ.ഐ.ടി-കൂടത്തായ്‌ റോഡിന്റെ നവീകരണ പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു.മേൽനോട്ട ചുമതലയുള്ള കെ.ആർ.എഫ്‌.ബിയുമായും കരാർ കമ്പനിയായ യു.എൽ.സി.സിയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ.പറഞ്ഞു.

വിദ്യാർത്ഥി പ്രതിഭകൾക്ക്‌ എം.എൽ.എ.ഉപഹാരങ്ങൾ സമ്മാനിച്ചു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,മുൻ പഞ്ചായത്തംഗം ഫാത്വിമ വടിക്കിനിക്കണ്ടി,ആർ.എം.അനീസ്‌,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,തടായിൽ അബു ഹാജി,പി.പി.നൗഫൽ,ഗ്രാമസഭ കോ-ഓർഡിനേറ്റർ ഡി.എസ്‌.നീരജ്‌,അങ്കണവാടി വർക്കർ ഷൈജ ടീച്ചർ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ ആർ.വിഷ്ണു,ഹെൽത്ത്‌ ഇൻസ്പെക്‌ടർ ഇൻ ചാർജ്ജ്‌ എ.എച്ച്‌.ജസില,ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ എം.പ്രനിഷ എന്നിവർ ക്ലാസെടുത്തു.വാർഡ്‌ വികസന സമിതിയംഗം യു.കെ.ശാഹിദ്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 26 ന്‌ രാവിലെ 11.30 മണിക്ക്‌ നടക്കുന്ന ടു മില്യൻ പ്ലഡ്ജ്‌ വിജയിപ്പിക്കാൻ വാർഡ്തല സംഘാടക സമിതിക്ക്‌ ഗ്രാമസഭ രൂപം നൽകി.പഹൽഗാം ഭീകരാക്രമണത്തിലും അഹമ്മദാബാദ്‌ വിമാനാപകടത്തിലും മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലി അർപ്പിച്ചാണ്‌ ഗ്രാമസഭ ആരംഭിച്ചത്‌.ദശീയ ഗാനത്തോടെ ഗ്രാമസഭ സമാപിച്ചു.

ഫോട്ടോ:എം.ജി.യൂണിവാഴ്സിറ്റിയിൽ നിന്നും ബിരുദ പരീക്ഷയിൽ എട്ടാം റാങ്ക്‌ ലഭിച്ച എം.എസ്‌.അനന്തുവിന് എട്ടാം വാർഡ്‌ ഗ്രാമസഭയുടെ ഉപഹാരം ‌ ഡോ:എം.കെ.മുനീർ എം.എൽ.എ.കൈമാറുന്നു.

Post a Comment

Previous Post Next Post