തെല്‍അവീവ് : ഇസ്രായില്‍ ഉപരോധം ലംഘിച്ച് പ്രതീകാത്മകമായി റിലീഫ് വസ്തുക്കളുമായി ഗാസയലേക്ക് പോവുകയായിരുന്ന ഹന്ദല കപ്പല്‍ തടഞ്ഞ് ഇസ്രായില്‍ തീരത്തേക്ക് കൊണ്ടുപോയതായി ഇസ്രായില്‍ അറിയിച്ചു.

 ഗാസ തീരത്തെ സമുദ്രാതിര്‍ത്തിയിലേക്ക് അനധികൃതമായി കപ്പല്‍ പ്രവേശിക്കുന്നത് ഇസ്രായില്‍ നാവികസേന തടഞ്ഞു. കപ്പല്‍ ഇപ്പോള്‍ സുരക്ഷിതമായി ഇസ്രായില്‍ തീരത്തേക്കുള്ള യാത്രയിലാണ്. എല്ലാ യാത്രക്കാരും സുരക്ഷിതരാണ് – ഇസ്രായില്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധം ലംഘിക്കാനുള്ള ഏതൊരു അനധികൃത ശ്രമവും അപകടകരവും നിയമവിരുദ്ധവുമാണ്. ഇത് നിലവില്‍ നടക്കുന്ന മാനുഷിക ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും മന്ത്രാലയം പറഞ്ഞു.

ഗാസയിലേക്ക് പോവുകയായിരുന്ന ഹന്ദല കപ്പല്‍ ഇസ്രായില്‍ നാവിക സേന തടഞ്ഞുവെന്നും സൈനികര്‍ കപ്പലില്‍ കയറിയെന്നും ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യം നേരത്തെ അറിയിച്ചു. ഹന്‍ന്ദല കപ്പല്‍ ഇസ്രായില്‍ അധിനിവേശ സേന തടയുന്നതായി എക്‌സ് പ്ലാറ്റ്ഫോമില്‍ ഏതാനും ഭാഷകളില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സഖ്യം പറഞ്ഞു.


സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരുമായി റിലീഫ് വസ്തുക്കളുമായി ഗാസയിലേക്ക് പോവുകയായിരുന്ന മഡലീന്‍ കപ്പല്‍ ഇസ്രായില്‍ തടഞ്ഞതിനു ശേഷം ഒന്നര മാസം മുമ്പാണ് ഹന്ദല കപ്പല്‍ ഇറ്റലി വിട്ടത്.

 ഇസ്രായില്‍ ഉപരോധം തകര്‍ത്ത് ഗാസ നിവാസികള്‍ക്ക് സഹായം എത്തിക്കാനായി ജൂലൈ 13 ന് സിസിലിയില്‍ നിന്നാണ് ഹന്ദല യാത്ര തിരിച്ചത്. ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും രണ്ട് മാധ്യമപ്രവര്‍ത്തകരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.


അതേസമയം, ഉത്തര ഗാസ അടക്കം ഗാസയിലെ ഏതാനും ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് താല്‍ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച വൈകുന്നേരം പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്‌സ്, വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീരുമാനം എടുത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


മാനുഷിക വെടിനിര്‍ത്തലിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഭക്കും റിലീഫ് സംഘടനകള്‍ക്കും ഗാസയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രായില്‍ സൈന്യം സുരക്ഷിതമായ പ്രവേശനം അനുവദിക്കും. ഇത് ഗാസയിലേക്ക് പ്രവേശിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യാനുസരണം മാനുഷിക വെടിനിര്‍ത്തല്‍ ഇടക്കിടെ ആവര്‍ത്തിക്കുമെന്നും ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഗാസയില്‍ വ്യോമമാര്‍ഗം സഹായം ഇട്ടുനല്‍കുന്നത് രാത്രി ആരംഭിക്കുമെന്നും യു.എന്‍ വാഹനവ്യൂഹങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കുമെന്നും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഗാസയില്‍ വ്യോമമാര്‍ഗം സഹായം ഇട്ടുനല്‍കുമെന്നും യു.എന്‍ വാഹനവ്യൂഹങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കുമെന്നും ശനിയാഴ്ച രാത്രി വൈകിയാണ് ഇസ്രായില്‍ സൈന്യം അറിയിച്ചത്.


ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും റിലീഫ് വിതരണ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കിടെയും നൂറുകണക്കിന് ഫലസ്തീനികള്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പുകളില്‍ സമീപ ആഴ്ചകളില്‍ കൊല്ലപ്പെട്ടതോടെ ഇസ്രായിലിന്റെ അടുത്ത സഖ്യകക്ഷികള്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും മറ്റു അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ഇസ്രായിലിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

أحدث أقدم