കോഴിക്കോട്: 
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാർ. കേരള മുസ്‍ലിം ജമാഅത്തിന്റെ മലപ്പുറം നേതൃ കാംപിലായിരുന്നു സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ വിമർശനം. മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കണം. മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ കഴിയണമെന്നും കാന്തപുരം പറഞ്ഞു.

സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്തയും രംഗത്ത് വന്നിരുന്നു. സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയമാറ്റം മുസ്‍ലിംകളുടെ മദ്റസ വിദ്യാഭ്യാസ സംവിധാനത്തെ ബാധിക്കുമെന്നാണ് സമസ്തയുടെ വിമർശനം. സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ സമസ്ത സമരവും പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാറിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജനം കൊടുക്കാൻ സാധിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

എട്ടുമുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം രാവിലെ അരമണിക്കൂർ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ എട്ടു മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. അരമണിക്കൂർ വീതമാണ് സ്കൂൾ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമാണ് സമയ വർധനവ്. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാണ് പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം.


 

Post a Comment

أحدث أقدم