റായ്പൂർ: ഛത്തീസ്ഗഡിലെ ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ തെരുവുനായ നക്കിയ ഭക്ഷണം കഴിച്ച 78 വിദ്യാർത്ഥികൾക്ക് ആന്റി റാബിസ് വാക്സിനെടുത്തു. കഴിഞ്ഞ ജൂലൈ 29-നാണ് സംഭവമുണ്ടായത്. കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ അതേ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം.

വിദ്യാർത്ഥികൾ വീടുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂളിനെ സമീപിക്കുകയായിരുന്നു. നായ നക്കിയ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശങ്ങൾ അവഗണിച്ച പാചക തൊഴിലാഴികളെ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പേവിഷബാധ സ്ഥിരീകരിച്ചതുകൊണ്ടല്ല, മുൻകരുതൽ നടപടിയായാണ് റാബിസ് വാക്സിൻ നൽകിയത്. ആദ്യ ഡോസിന് പാർശ്വഫലങ്ങളൊന്നുമില്ല. ഗ്രാമവാസികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ആവശ്യപ്രകാരമാണ് ഇത് ചെയ്തത്," ലച്ചൻപൂർ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള വീണ വർമ്മ പറഞ്ഞു.

ശനിയാഴ്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപക് നികുഞ്ജ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നരേഷ് വർമ്മ എന്നിവർ സ്കൂൾ സന്ദർശിച്ചു. കുട്ടികൾ, മാതാപിതാക്കൾ,"
അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മൊഴികൾ അവർ രേഖപ്പെടുത്തി. എന്നാൽ പാചകതൊഴിലാളികൾ ചോദ്യംചെയ്യലിൽ നിന്ന് വിട്ടുനിന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സന്ദീപ് സാഹു മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതി. ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾക്ക് ആന്റി റാബിസ് കുത്തിവയ്പ്പ് നൽകിയതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Post a Comment

أحدث أقدم