തിരുവമ്പാടി :
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനതലത്തിൽ നൽകുന്ന മണ്ണ്, ജല സംരക്ഷണത്തിനുള്ള 2024 വർഷത്തെ സംസ്ഥാന 'ഷോണി സംരക്ഷണ അവാർഡ്' തിരുവമ്പാടി സ്വദേശി പുരയിടത്തിൽ തോമസ് പിജെ ക്ക് ലഭിച്ചു.
മണ്ണ് ജല സംരക്ഷണ പ്രവർത്തികളിലും ജൈവ വൈവിധ്യ സംരക്ഷണത്തിനും മികച്ച പ്രവർത്തനങ്ങൾ നടത്തുകയും വിവിധ അംഗീകാരങ്ങൾ നേടുകയും ചെയ്ത റിട്ടയേർഡ് അദ്ധ്യാപകൻ കൂടിയായ തോമസ് മാഷിന് സർക്കാറിന്റെ സംസ്ഥാനതല അവാർഡ് ലഭിച്ചത് തീർത്തും അർഹതയ്ക്കുള്ളഅംഗീകാരമാണ്. അര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ആണ് ലഭിക്കുക. സംസ്ഥാനതല കർഷകദിനം ആചരിക്കുന്ന ഓഗസ്റ്റ് 17 (ചിങ്ങം ഒന്നിന്) തൃശൂരിൽ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാർഡ് കൈമാറുന്നതാണ്.
മികച്ച കർഷകനുള്ള 2024-ലെ സംസ്ഥാനതല സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് പാലക്കാട് നല്ലേപ്പിള്ളി സ്വദേശി സ്കറിയ പിള്ള സി.ജെ. ക്ക് ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഡാണപ്പടിയിലെ വാണി വി. മികച്ച വനിതാ കർഷകയ്ക്കുള്ള കർഷകതിലകം അവാർഡ് നേടി.
മികച്ച ജൈവകർഷകനായി എറണാകുളം എടത്തല സ്വദേശി റംലത്ത് അൽഹാദും, മികച്ച യുവകർഷകനായി എറണാകുളം ഇലഞ്ഞിയിൽ മോനു വർഗീസ് മാമ്മനും, ഹരിത മിത്ര പുരസ്‌കാരം ആർ.ശിവദാസനും ലഭിച്ചു. മികച്ച കൂൺ കർഷകനായി കണ്ണൂർ ചാവശ്ശേരിയിലെ രാഹുൽ എൻ.വിയും (മൺസൂൺ മഷ്‌റൂംസ്), മികച്ച തേനീച്ച കൃഷിക്കാരനായി ഉമറലി ശിഹാബ് ടി.എ. യും തിരഞ്ഞെടുക്കപ്പെട്ടു.
അംഗീകാരം ലഭിച്ച തോമസ് മാഷിനെ ജില്ലാ കൃഷി ഓഫീസർ, കൊടുവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയരക്ടർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൻ, തിരുവമ്പാടി കൃഷി ഓഫീസർ എന്നിവർ സന്ദർശിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
إرسال تعليق