വേളംകോട് : സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ച് ‘ജീവിതോത്സവം 2025’ എന്ന പേരിൽ 21-ദിന ചലഞ്ചിന്റെ യൂണിറ്റ് തല ഉദ്ഘാടനം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.

പി റ്റി എ പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ജീവിതോത്സവം 2025-ന്റെ യൂണിറ്റ് തല ഉദ്ഘാടനവും ലോഗോ പ്രകാശനവും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.

ജീവിതോത്സവം 2025ന്റെ ഭാഗമായി “ലഹരിക്കെതിരെ ആരോഗ്യകരമായ 21-ദിന ജീവിതശൈലി പ്രചാരണം” എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ. ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി., എം പി റ്റി എ പ്രസിഡന്റ് അലീന ബാബു, എൻ.എസ്.എസ് സെക്കൻഡ് ഇയർ ലീഡർ കെവിൻ റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയർമാർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ സ്കൂൾ ഗ്രൗണ്ടിൽ വലയമായി നിന്നുകൊണ്ട് ജീവിതോത്സവഗാനം ആലപിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഫസ്റ്റ് ഇയർ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ സംഘഗാനം അവതരിപ്പിക്കുകയും, സെക്കൻഡ് ഇയർ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അരങ്ങേറി. തുടർന്ന് വിശിഷ്ടാതിഥികളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 21-ദിന ചലഞ്ചിന്റെ ബാനർ അനാച്ഛാദനം നടത്തി.

സ്റ്റാഫ് സെക്രട്ടറി രാജി ജോസഫ് നന്ദിപ്രസംഗം നടത്തി. സെക്കൻഡ് ഇയർ ലീഡർ ഗ്രഫിൻ മരിയ ബിനോയ്, എൻ.എസ്.എസ് വോളണ്ടിയർ സാറാ വർഗീസ് എന്നിവർ ആങ്കറിംഗ് നിർവഹിച്ചു.

Post a Comment

أحدث أقدم