കൊച്ചി:
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് വരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം (എൻ.ഡി.പി.എസ്) 8,622 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2024ൽ 8,160 കേസുകളും 2023ൽ 8,104 കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരുന്നത്. മയക്കുമരുന്ന് കേസുകളിൽ എക്സൈസ് നടത്തിയ അറസ്റ്റുകളുടെ എണ്ണത്തിലും കേസുകളുടെ വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് വരെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 8,505 പേർ അറസ്റ്റിലായിട്ടുണ്ട്, 2024 ൽ ഇത് 7,946 ഉം 2023 ൽ 8,060 ഉം ആയിരുന്നു.
കേരളത്തിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് വർദ്ധിച്ചതും പരിശോധനകൾ കൂടുതൽ വ്യാപകമാക്കിയതുമാണ് കേസുകളിലെ വർധനവിന് കാരണമെന്ന് എക്സൈസ് വ്യക്തമാക്കി.
എക്സൈസ് വകുപ്പിന് പുറമേ, പോലീസും എൻ.ഡി.പി.എസ് നിയപ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ കൈവശമുള്ള കണക്കുകൾ പ്രകാരം, ഈ വർഷം ജൂലൈ വരെ സംസ്ഥാനത്ത് 25,262 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2024ലും 2023ലും പോലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളുടെ എണ്ണം യഥാക്രമം 27,530 ഉം 30,697 ഉം ആയിരുന്നു.
മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ഓഗസ്റ്റ് വരെ, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 312 വിദ്യാർത്ഥികളെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. 2024 ൽ ഈ കണക്ക് 379 ഉം 2023 ൽ 531 ഉം ആയിരുന്നു.
അവസാനം ലഭ്യമായ കണക്കുകൾ പ്രകാരം ഈ വർഷം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഹരി പിടികൂടിയതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 13 കേസുകളും എറണാകുളം ജില്ലയിൽ നിന്നാണ്. സ്കൂളുകളിൽ നിന്ന് അഞ്ചും കോളജുകളിൽ നിന്ന് എട്ടും കേസുകളാണ് ജില്ലയിൽ രജിസ്ററർ ചെയ്യപ്പെട്ടത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പ്രധാന കേന്ദ്രങ്ങളിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
إرسال تعليق