ആനക്കാംപൊയിൽ, മലയോരത്തെ ഫാം വിനോദ സഞ്ചാരം ദേശീയ തലത്തിൽ വളർത്താൻ ഇടപെടുമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആനക്കാംപൊയിൽ ഫാം വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംവദിക്കുകയായിരുന്നു അവർ. ഇരുവഴിഞ്ഞി പുഴയുടെ താഴ്വരത്തെ അഞ്ച് പഞ്ചായത്തുകളിലായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഫാം വിനോദ സഞ്ചാരത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി വിശദമായി ചോദിച്ചറിഞ്ഞു. കർഷകർ പ്രതിസന്ധികൾ പങ്കുവെച്ചു. ഫാം വിനോദ സഞ്ചാരത്തെക്കുറിച്ച് പഠിക്കാൻ കൺസൾട്ടന്റിനെ നിയമിക്കാൻ സഹായം നൽകുമെന്ന് പ്രിയങ്ക ഉറപ്പുനൽകി. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൃഷി വകുപ്പ് കൊടുവള്ളി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ, കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ, പദ്ധതി കോഓഡിനേറ്റർ അജു എമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.ബംഗളൂരു, ഡൽഹി ഉൾപ്പെടെ വൻ നഗരങ്ങളിൽ കളിക്കളം പോലുമില്ലാതെ പ്രകൃതി പരിചയം ലഭിക്കാതെ പോകുന്ന വിദ്യാർഥികൾക്ക് കാർഷിക രംഗത്തെ കുറിച്ച് മനസ്സിലാക്കാൻ ഫാം വിനോദ സഞ്ചാര പദ്ധതി പ്രയോജനപ്പെടുത്താമെന്ന് അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാർ നയത്തിൽ ഫാം വിനോദ സഞ്ചാര വികസന ഘടകങ്ങൾ ഉൾപ്പെടുത്താൻ ഇടപെടും. പദ്ധതിക്ക് ദേശീയ തലത്തിൽ പ്രചാരണം നടത്താവാനാവശ്യമായ പിന്തുണ വാഗ്ദാനം ചെയ്ത പ്രിയങ്ക, പദ്ധതികൾ തയാറാക്കി അറിയിക്കാൻ കോഓഡിനേറ്റർ അജു എമ്മാനുവലിനെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം എം.പിക്ക് കൈമാറി. സംസ്ഥാന കാർഷിക അവാർഡ് ജേതാവായ പി.ജെ. തോമസിനെ ആദരിച്ചു. ഫാം വിനോദ സഞ്ചാര സംരംഭകരായ മുഹമ്മദ് ഉമൈർ ഓമശ്ശേരി, ഷിബു തോമസ് കോടഞ്ചേരി, ജിജോ ഷാജി പുതുപ്പാടി, രാജേഷ് സിറിയക് കൂടരഞ്ഞി, സജി കൊച്ചുപ്ലാക്കൽ തിരുവമ്പാടി എന്നിവർ പ്രിയങ്കയുമായി സംസാരിച്ചു . സംസ്ഥാന കേര കർഷക ജേതാവായ ഡൊമിനിക് മണ്ണ് കുശുമ്പിലിന്റെ ഫാം സന്ദർശിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.
إرسال تعليق