തിരുവമ്പാടി: ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന ‘സ്ത്രീ’ (Strengthening Her to Empower Everyone) ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷനായി.


 കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ മുഖ്യപ്രഭാഷണം നടത്തി.  'സ്ത്രീ' പരിപാടിയുടെ കർമ്മപദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,പബ്ലിക് ഹെൽത്ത് നഴ്സ് ത്രേസ്യ എന്നിവർ വിശദീകരിച്ചു. ഐസിഡിഎസ്സ് സൂപ്പർവൈസർ ചഷമചന്ദ്രൻ, ജെ എച്ച്ഐ മുഹമ്മദ് മുസ്തഫാ ഖാൻ, എം എൽ എസ് പി അഞ്ജന, ലിയ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്തുക എന്നിവയാണ് സ്ത്രീ ക്യാമ്പയിനിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. 

ക്യാമ്പയിൻ്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചയും  ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക 'സ്ത്രീ' ക്ലിനിക്കുകൾ പ്രവർത്തിക്കും. വിളർച്ച, പ്രമേഹം, രക്തസമ്മർദ്ദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവയുൾപ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും, ഗർഭകാല പരിചരണവും, മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിചരണവും ഇവിടെ ലഭ്യമാണ്. ക്യാമ്പയിന്റെ ഭാഗമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കുടുംബശ്രീയുടെയും ഐസി ഡി എസ്സിൻ്റെയും സഹകരണത്തോടെ അയൽക്കൂട്ടങ്ങളിൽ സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കും.

Post a Comment

أحدث أقدم