തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കാരത്തിലൂടെ സാധ്യമാകുന്ന നികുതിയിളവ് വിലക്കുറവിലൂടെ ജനങ്ങൾക്ക് ആശ്വാസമാകുമ്പോൾ വാർഷിക വരുമാനം ഇടിയുന്നതിലൂടെ സംസ്ഥാന സർക്കാറിന് ആഘാതമാകും. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഏറ്റവും ഉയർന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴുമാസമായി ഈ നില തുടരുകയുമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് നികുതി പരിഷ്കാരത്തിൽ ആശ്വാസം പ്രതീക്ഷിക്കാവുന്നത്.
സംസ്ഥാന ധനവകുപ്പിന്റെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 8000 മുതൽ 10000 കോടിയുടെ വരെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം ഇന്ത്യയിലാകെ ജി.എസ്.ടി ഇനത്തിൽ കിട്ടിയത്. പരിഷ്കാരത്തോടെ ഇതിൽ നാല് ലക്ഷം കോടിയുടെ കുറവുണ്ടാകും. ആനുപാതിക കുറവ് സംസ്ഥാനങ്ങളുടെ വരുമാനത്തിലുമുണ്ടാകും. അതേസമയം പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പരിഷ്കാരമായതിനാൽ പരസ്യമായി എതിർക്കാനും സർക്കാറിന് കഴിയുന്നില്ല. സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളെ അടക്കം പ്രതികൂലമായി ബാധിക്കും എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ജി.എസ്.ടി ഏർപ്പെടുത്തിയ ഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന നികുതി വളർച്ച കുറയും എന്ന തിരിച്ചറിവിൽ ഈ ഇനത്തിലെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതേ മാതൃകയിൽ പുതിയ പരിഷ്കരണ ഘട്ടത്തിലെ പ്രഹരം നേരിടാനും നഷ്ടപരിഹാരം ഏർപ്പെടുത്തണമെന്ന് കേരളമടക്കം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല.
ജി.എസ്.ടി ഏർപ്പെടുത്തിയതോടെ നികുതി വരവിലുണ്ടായ 21000 കോടിയുടെ നഷ്ടത്തിന് പുറമെയാണ് 10000 കോടിയുടെ ഇപ്പോഴത്തെ കുറവ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കത്രിക വെക്കുന്ന കേന്ദ്ര നടപടിമൂലം വലിയ സാമ്പത്തിക ഞെരുക്കമാണ് ഏതാനും വർഷങ്ങളായി കേരളം നേരിടുന്നത്. അതിനിടെ നികുതി കുറച്ചതിന്റെ ആനുകൂല്യം വിലക്കുറവായി ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നു.
നികുതി കുറച്ച 25 സാധനങ്ങൾ മുൻനിർത്തി മുമ്പ് സംസ്ഥാന ജി.എസ്.ടി വകുപ്പ് പഠനം നടത്തിയപ്പോൾ വിപണിയിൽ വില കുറയുന്നില്ലെന്നാണ് ബോധ്യപ്പെട്ടത്. നികുതിമാറ്റത്തിലൂടെ വരുന്ന കുറവ് വിലയിൽ വർധിപ്പിക്കുന്ന കമ്പനികളുടെ തന്ത്രമാണ് ഇതിന് കാരണം. ഫലത്തിൽ നികുതിയിളവിന്റെ ഫലം കൊയ്യുന്നത് കമ്പനികളാണ്.
إرسال تعليق