കോഴിക്കോട്:
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ പ്രചാരണാർഥം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശയാത്ര 19 മുതൽ 28 വരെ നടക്കും. കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് മംഗലാപുരത്ത് സമാപിക്കുന്ന യാത്രയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കൾ അനുഗമിക്കും. സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ സമാപനമായി 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിലുള്ള അന്താരാഷ്ട്ര മഹാ സമ്മേളനം 2026 ഫെബ്രുവരി നാല് മുതൽ എട്ടുവരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് നടക്കുക.
1926ൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പരമ്പരാഗത സുന്നി സമൂഹത്തിന്റെ ഔദ്യോഗിക പണ്ഡിതസംഘടനയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ. രൂപീകരണകാലം മുതൽ മുസ്ലിം സമൂഹത്തിനിടയിൽ വൈജ്ഞാനിക പ്രചാരണം, ആത്മീയ പ്രബോധനം, സാമൂഹിക നേതൃത്വം, ആദർശ സംരക്ഷണം, അവകാശ പോരാട്ടങ്ങൾ തുടങ്ങിയ ചുമതലകൾ നിർവഹിച്ചുവരുന്നു.
"രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായി മതസ്വാതന്ത്ര്യത്തിനും മാനവ സൗഹാർദത്തിനും വേണ്ടി പ്രവർത്തിച്ചുവരുന്നു. വിവിധ ഉപസമിതികൾ രൂപീകരിച്ച് വിപുലമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയ്ക്ക് കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അന്തമാൻ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽ ശാഖാതലം മുതൽ വിവിധ കീഴ്ഘടകങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇസ്ലാമിക വിശ്വാസാചാരങ്ങളെ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ് സമസ്തയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. കൂടാതെ സമുദായത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുക, മതവിദ്യാഭ്യാസം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമല്ലാത്ത ഭൗതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക, അധർമം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം തുടങ്ങിയവയെ ഇല്ലാതാക്കി രാജ്യത്തിന്റെ പൈതൃകത്തിനും സാമുദായിക സൗഹാർദത്തിനും വേണ്ടി പരിശ്രമിക്കുക, ഇക്കാര്യങ്ങൾ സമാധാനപരമായും മതനിയമങ്ങൾക്കും രാജ്യനിയമങ്ങൾക്കും അനുസൃതമായി നടപ്പിൽ വരുത്തുക എന്നിവ സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളിൽ പെട്ടതാണ്.
നൂറാംവാർഷികത്തോടനുബന്ധിച്ച് വൈവിധ്യമായ നിരവധി പദ്ധതികളാണ് സമസ്ത ലക്ഷ്യമിടുന്നത്. സമസ്തയുടെ ഭാവിപ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണമായ തഹിയ്യ ഇന്നലെ 46.21 കോടി പിന്നിട്ടു. സമസ്തയ്ക്കുളള സ്വീകാര്യതയുടെ തെളിവാണിത്. സമസ്തയുടെ പ്രവർത്തനങ്ങൾ തമിഴ്നാട്ടിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് വിദ്യാഭ്യാസ പദ്ധതി, സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ മോഡൽ കാംപസായി സമസ്ത സെന്റിനറി എജ്യു സിറ്റി, അത്യാധുനിക സൗകര്യങ്ങളോടെയുള്ള റീഹാബിലിറ്റേഷൻ സെന്റർ, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ സംഘടനയ്ക്ക് ആസ്ഥാന മന്ദിരങ്ങളും ഹോസ്റ്റൽ സൗകര്യവും, ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം, ഇ-ലേണിങ് വില്ലേജ്, മെഡിക്കൽ കെയർ സെന്റർ, ശാരീരിക പരിമിതി നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷൽ സ്‌കൂൾ, ഹയർ എജ്യുക്കേഷൻ സ്‌കോളർഷിപ്പ്, സമസ്ത പബ്ലിഷിങ് പ്രൊജക്ട് തുടങ്ങി നിർമാണാത്മകമായ പദ്ധതികളാണ് നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്ത വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

إرسال تعليق