തിരുവനന്തപുരം: തദ്ദേശക്കാറ്റ് യു.ഡി.എഫ് അനുകൂലമായപ്പോൾ ഒന്നാമത് കോൺഗ്രസ്. രണ്ടാം സ്ഥാനം സി.പി.എമ്മിനാണെങ്കിൽ മൂന്നിൽ മുസ് ലിം ലീഗ് എത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന് നഷ്ടമായത് 736 സീറ്റുകളാണ്. 2020ൽ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 21,865 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8,191 സീറ്റുകളാണ് സി.പി.എം നേടിയിരുന്നത്. ഇത്തവണ ഡീലിമിറ്റേഷന്റെ ഭാഗമായി 1,694 വാർഡുകൾ കൂടി വർധിച്ചെങ്കിലും 7,455 സീറ്റുകൾ നേടാനെ സി.പി.എമ്മിന് കഴിഞ്ഞുള്ളൂ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. 406 ഗ്രാമപഞ്ചായത്ത് വാർഡും 218 ബ്ലോക്ക് പഞ്ചായത്ത് വാർഡും സി.പി.എമ്മിനെ കൈവിട്ടു.
ജില്ലാ പഞ്ചായത്തിൽ 27ഉം മുനിസിപ്പാലിറ്റിയിൽ 26ഉം കോർപറേഷനുകളിൽ 59ഉം സീറ്റുകളുമാണ് സി.പി.എമ്മിന് നഷ്ടമായത്.
സി.പി.എമ്മിന് നഷ്ടക്കണക്കാണെങ്കിൽ കോൺഗ്രസാണ് ഏറ്റവും വലിയ നേട്ടം കൊയ്തത്. കഴിഞ്ഞ തവണത്തേക്കാൾ 2,266 സീറ്റുകൾ വർധിച്ചു. 7,817 സീറ്റുകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി കോൺഗ്രസ് നേടിയത്. ഗ്രാമപഞ്ചായത്തിൽ 1,526, ബ്ലോക്കിൽ 438, ജില്ലാപഞ്ചായത്തിൽ 64, മുനിസിപ്പാലിറ്റിയിൽ 183, കോർപറേഷനുകളിൽ 55 സീറ്റുകൾ വീതം കോൺഗ്രസ് ഇത്തവണ അധികം കൈയടക്കി.
ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ മൂന്നാമത്തെ പാർട്ടി മുസ് ലിം ലീഗ് ആണ്. കഴിഞ്ഞ തവണത്തേക്കാൾ 713 സീറ്റുകൾ അധികം സ്വന്തമാക്കി 2,844 സീറ്റുകളാണ് ലീഗിന്റെ സമ്പാദ്യം. ഗ്രാമപഞ്ചായത്തുകളിൽ 1,980, ബ്ലോക്കിൽ 269, ജില്ലാപഞ്ചായത്തിൽ 51, മുനിസിപ്പാലിറ്റികളിൽ 510, കോർപറേഷനുകളിൽ 34 എന്നിങ്ങനെയാണ് ലീഗിന്റെ നേട്ടം.
"പാർട്ടി ചിഹ്നത്തിൽ കൂടുതൽ സ്ഥാനാർഥികളെ വിജയിപ്പിച്ചതിൽ നാലാം സ്ഥാനത്ത് ബി.ജെ.പിയാണ്. 1,913 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ സ്ഥാനാർഥികൾ ജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 317 സീറ്റുകൾ അവർ അധികം നേടി. ജില്ലാ പഞ്ചായത്തിൽ സീറ്റുകൾ കുറഞ്ഞപ്പോൾ മറ്റു തലങ്ങളിൽ സീറ്റുകൾ കൂടി. എൽ.ഡി.എഫിലെ സി.പി.ഐയാണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ള അഞ്ചാമത്തെ പാർട്ടി. 1,018 സീറ്റിൽ സി.പി.ഐ സ്ഥാനാർഥികൾ ജയിച്ചു. കഴിഞ്ഞ തവണത്തെ കണക്കെടുക്കുമ്പോൾ 265 സീറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു.
യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ആറാം സ്ഥാനത്തുണ്ട്. എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) 246 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തെത്തി. 97 സീറ്റുകളിൽ ജയിച്ച എസ്.ഡി.പി.ഐയാണ് എട്ടാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്ത് 78 സീറ്റുകൾ ജയിച്ച ട്വന്റി ട്വന്റിയും പത്താം സ്ഥാനത്ത് 63 സീറ്റ് നേടിയ ആർ.ജെ.ഡിയുമാണ്. ആർ.എസ്.പി- 57, ജെ.ഡി.എസ് 44, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം- 34, വെൽഫെയർ പാർട്ടി- 31, ആർ.എം.പി- 29, എൻ.സി.പി (എസ്.പി)- 25, സി.എം.പി (സി.പി ജോൺ)-10, ഐ.എൻ.എൽ- 9, നാഷനൽ സെക്യുലർ പാർട്ടി- 9, കെ.ഡി.പി- 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് നില.
എൽ.ഡി.എഫിൽ സി.പി.എം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ്. 332 സീറ്റുകളാണ് ഇത്തവണ നഷ്ടമായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക കോർപറേഷൻ സീറ്റും ഇത്തവണ ലഭിച്ചില്ല. ആർ.ജെ.ഡി- 25, ജെ.ഡി.എസ്- 28, കേരള കോൺഗ്രസ് (ബി)- 8, ഐ.എൻ.എൽ- 20, ജനാധിപത്യ കേരള കോൺഗ്രസ്- 13, കെ.സി (സക്കറിയ തോമസ്)-1, എൻ.സി.പി- 48 എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ ഘടകക്ഷികളിൽ നഷ്ടമായ സീറ്റുകളുടെ എണ്ണം. അതേസമയം, കോൺഗ്രസ് (എസ്) മാത്രം കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ രണ്ട് സീറ്റ് അധികം നേടി. യു.ഡി.എഫിൽ കേരള കോൺഗ്രസ്- 78, ആർ.എസ്.പി- 6, കേരള കോൺഗ്രസ് ജേക്കബ്- 5, സി.എം.പി- 10 എന്നിവർ സീറ്റുകൾ വർധിപ്പിച്ചു.

إرسال تعليق