കൽപ്പറ്റ:
ടി സിദ്ദിഖ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങളെ വഞ്ചിച്ചുവെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കുള്ള കോൺഗ്രസ് ഭവന പദ്ധതി ഡിസംബറിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി. എത്ര പണം പിരിച്ചു എന്നത് കോൺഗ്രസ് ഇപ്പോഴും പറയുന്നില്ല.
ഒന്നര വർഷമായി ആ പണം എന്ത് ചെയ്തു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസ് എങ്ങനെ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. വയനാട് എംപി ഒരു രൂപ പോലും സിഎംഡി ആർഎഫിലേക്ക് നൽകിയില്ലെന്നും റഫീഖ് വിമർശിച്ചു.
എന്നിട്ടാണ് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, പാർട്ടി പരിശോധിക്കുന്നുണ്ട്. പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമായില്ല. ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. 92000 വോട്ട് വർധിച്ചു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ നൽകുന്നുണ്ട്. പോരായ്മകൾ പരിഹരിക്കും.
ചുരത്തിലെ എംഎൽഎമാരുടെ സമരം രാഷ്ട്രീയ പ്രേരിതം. ടി സിദ്ധിക്കും ഐസി ബാലകൃഷ്ണനും നടത്തുന്നത് സ്വയം അപഹാസ്യരാകുന്ന സമരം. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാർ തുടങ്ങി വച്ച നവീകരണം നടക്കുന്നു.
തുരങ്കപാത നിർമാണവും പുരോഗമിക്കുന്നു. വയനാടിന്റെ ഗതാഗത സംവിധാനം വിപുലമാക്കാൻ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്. വൈകാരിക ഷോ നടത്തി സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാനാണ് എംഎൽഎമാർ ശ്രമിക്കുന്നത്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് എന്ത് ചെയ്തു. ബദൽ പാത സംബന്ധിച്ച് കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. രാത്രിയാത്ര നിരോധനം ഒഴിവാക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടില്ലെന്നും റഫീഖ് വ്യക്തമാക്കി.

إرسال تعليق