തൃപ്പൂണിത്തുറ : മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി വിവിധ രോ​ഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. നടൻ എന്നതിനു പുറമെ സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.


തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്കൂൾ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനും. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാർടിക്ക് അടിത്തറപാകുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്.


കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തിൽ സജീവമായി. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് 'ഘരീബി ഖഠാവോ' നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനിവാസൻ സജീവമായിരുന്നു. ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1977ൽ ഡിപ്ലോമയെടുത്തു. പ്രശസ്ത നടൻ രജനികാന്ത് സീനിയറായിരുന്നു.





ആ വർഷം തന്നെ പി എ ബക്കർ സംവിധാനംചെയ്ത 'മണിമുഴക്ക'ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലും നാട്ടുകാരനുമായ എ പ്രഭാകരനും മറ്റും ചേർന്നു നിർമിച്ച് കെ ജി ജോർജ് സംവിധാനംചെയ്ത 'മേള'യിൽ വേഷമിട്ടു. പിന്നാലെ സിനിമകളിൽ ചെറിയ വേഷങ്ങൾ. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കി. പ്രിയദർശൻ സംവിധാനംചെയ്ത ചിത്രം വിജയമായി. തുടർന്ന് പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവർക്കൊപ്പം നിരവധി സൂപ്പർ ഹിറ്റുകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി.


ശ്രീനിവാസൻ ‐സത്യൻ അന്തിക്കാട് ടീം ഏറെക്കാലം മലയാള സിനിമയുടെ രസതന്ത്രമായി. പ്രിയദർശനും കമലും ശ്രീനിവാസനൊപ്പം നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. ആ കൂട്ടുകെട്ടുകൾ ഒരു കാലത്തെ വിജയഫോർമുല നിർണയിച്ചു. ടി പി ബാലഗോപാലൻ എംഎ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്ദേശം, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ തുടങ്ങിയവ ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങളാണ്. സിബി മലയിൽ, ഹരികുമാർ, പി ജി വിശ്വംഭരൻ തുടങ്ങിയ സംവിധായകർക്കൊപ്പവും ടി കെ രാജീവ് കുമാർ, മാർടിൻ പ്രക്കാട്ട്, സിദ്ദിഖ്, മോഹൻ, രഞ്ജിത്ത്, റോഷൻ ആൻഡ്രൂസ്, വി എം വിനു, രഞ്ജിത്ശങ്കർ, രാജേഷ് പിള്ള, പ്രേംലാൽ, പ്രദീപ് തുടങ്ങിയ ഇളമുറക്കാർക്കൊപ്പവും പ്രവർത്തിച്ചു.


ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അയാൾ കഥയെഴുതുകയാണ്, അക്കരെ അക്കരെ അക്കരെ, വരവേൽപ്, അറബിക്കഥ, ട്രാഫിക് തുടങ്ങിയവയിൽ അഭിനേതാവെന്ന നിലയിൽ ശ്രീനി തിളങ്ങി. സംവിധാനം ചെയ്‌ത 'വടക്കുനോക്കി യന്ത്ര'വും 'ചിന്താവിഷ്ടയായ ശ്യാമള'യും സൂപ്പർ ഹിറ്റായി. തമിഴിൽ ഉൾപ്പെടെ ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീനിവാസൻ രചയിതാവെന്ന നിലയിൽ അതിലേറെ പ്രശസ്തി നേടി.


വിമലയാണ് ജീവിതപങ്കാളി. മക്കളായ വിനീതും ധ്യാനും സിനിമാ‐ സംഗീത മേഖലകളിൽ ശ്രദ്ധേയരായപ്പോൾ അവർക്കൊപ്പവും ശ്രീനിവാസൻ തിളങ്ങിനിന്നു. വി എം വിനു നിർമാണവും സംവിധാനവും നിർവഹിച്ച മകന്റെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രീനിവാസനും വിനീതും ഒരുമിച്ച് അഭിനയിച്ചതും പുതുമയായി.


വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളാണ് ശ്രീനിവാസൻ സംവിധാനം ചെയ്തത്. 'വടക്കുനോക്കിയന്ത്രം'1989ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 'ചിന്താവിഷ്ടയായ ശ്യാമള' 1998ൽ സാമൂഹ്യ പ്രാധാന്യ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. 1998ൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ചു. കഥ പറയുമ്പോൾ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടി. സന്ദേശം 1991ൽ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. ശ്രീനിവാസന്റെ തിരക്കഥയായ മഴയെത്തും മുമ്പേയ്ക്ക് 1995ൽ സംസ്ഥാന അവാർഡ് ലഭിച്ചു. 2008ൽ ബഹദൂർ അവാർഡും സമഗ്ര സംഭാവനയ്ക്ക് 2010ൽ ഏഷ്യാവിഷന്റെ പുരസ്കാരവും നേടി."

Post a Comment

أحدث أقدم