പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഇന്നലെ രാവിലെ 11 മണി മുതലാണ് സുഹാനെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയിൽ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്.

Post a Comment