തിരുവനന്തപുരം:
എസ്.ഐ.ആർ മാപ്പിങ്ങിന് സർക്കാർ നേരിട്ടിറങ്ങുന്നു. മതിയായ രേഖകകളില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ല കലക്ടർമാർക്ക് കർശന നിർദേശം നൽകി. അപേക്ഷാഫീസ് ഈടാക്കാതെയാണ് രേഖകൾ നൽകേണ്ടത്. ഏതെങ്കിലും ഇനത്തിൽ സർട്ടിഫിക്കറ്റിന് ഫീസുണ്ടെങ്കിൽ അതും ഇക്കാലയളവിൽ ഒഴിവാക്കി. വില്ലേജ് തരത്തിൽ എസ്.ഐ.ആറിനായി സഹായകേന്ദ്രങ്ങൾ തുറന്നതിന് പിന്നാലെയാണ് അർഹരായ വോട്ടർമാരെയെല്ലാം ഉൾപ്പെടുത്താൻ കലക്ടർമാരെക്കൂടി ഉൾക്കൊള്ളിച്ചുള്ള സർക്കാർ നീക്കം.
ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തരീതിയിൽ ഹിയറിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ജില്ല കലക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വളണ്ടിയർമാരുടെയും ഹിയറിങ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായകേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിന് നിർദ്ദേശം നൽകി.
ബൂത്ത് ലെവൽ ഓഫിസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളിൽ രണ്ടുദിവസത്തിനകം നിയമനം നടത്തണം. ഇ.ആർ.ഒ, എ.ഇ.ആർ.ഒ, അഡീഷണൽ എ.ഇ.ആർ.ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടൻ നികത്തുകയും പകരം ആളെ നിയമിക്കുന്ന മുറക്ക് മാത്രം എൽ.പി.ആർ (വിരമിക്കുന്നതിനുമുമ്പുള്ള അവധി) അനുവദിക്കുകയും ചെയ്യണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുത്. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
കരട് പട്ടികയില്‍നിന്ന് വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടർ പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. ക്യാമ്പുകളില്‍ കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് സജ്ജമാക്കാന്‍ നിർദേശം നല്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു.

Post a Comment