തിരുവമ്പാടി: വയനാട്ടിലേക്കുള്ള ബദൽപാതയായ ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാത യാഥാർഥ്യത്തിലേക്ക്. പാതനിർമാണത്തിനായി പാറ തുരക്കൽ പ്രവൃത്തി ആനക്കാംപൊയിൽ ഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയത് ഉദ്ഘാടനം ചെയ്തു.
ഇന്ന് പാറതുരക്കൽ ഉദ്ഘാടനച്ചടങ്ങിന് മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 പേർക്കു മാത്രമായിരുന്നു പ്രവേശനം.
അപകടസാധ്യത മുൻനിർത്തി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
ബാക്കി മുഴുവനാളുകൾക്കും പാറപൊട്ടിക്കൽ, അനുബന്ധ പരിപാടികൾ എന്നിവ കാണുന്നതിന് ആനക്കാംപൊയിൽ സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി.
വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ്എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുക. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് 10 കിലോമീറ്റർ മാത്രമാണ് ദൂരം.

Post a Comment