ന്യൂഡൽഹി:
ഇന്ത്യ അതിഥിയായി ക്ഷണിച്ചുവരുത്തിയ ഇറാൻ യുദ്ധക്കപ്പലിനെ യു.എസ് മുങ്ങിക്കപ്പൽ ആക്രമിച്ച് മുക്കിയിട്ടും ഒന്നും മിണ്ടാതിരിക്കുന്ന മോദി സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്ത, ഇന്ത്യൻ നാവിക സേനയുടെ ബഹുരാഷ്ട്ര നാവികാഭ്യാസത്തിനെത്തിയ കപ്പൽ തിരിച്ചുപോകുമ്പോൾ നടത്തിയ ആക്രമണം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിട്ടും ഔദ്യോഗികമായ ഒരു പ്രതികരണവുമില്ലെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു.

എപ്സ്റ്റീൻ ഗ്യാങ്ങിനെ കുറിച്ചുള്ള മോദിയുടെ ഭയത്തിന് രാജ്യമൊന്നടങ്കം വിലയൊടുക്കുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്തസമ്മേളനത്തിൽ വിമർശിച്ചു. ഒരാളുടെ ചെയ്തിക്ക് രാജ്യത്തിന്റെ ഭാവിതലമുറ കൂടി വിലയൊടുക്കുകയാണ്. പെട്രോളിയം മന്ത്രിയും എപ്സ്റ്റീൻ ഫയലിൽ കുടുങ്ങിയിരിക്കുന്നു.

‘അതിഥിദേവോ ഭവ’ എന്ന് വിശ്വസിക്കുന്ന നമ്മുടെ ക്ഷണപ്രകാരം സൈനികാഭ്യാസത്തിനുവന്ന ഇറാൻ കപ്പൽ യു.എസ് തകർത്ത് നിരവധി ജീവൻ നഷ്ടപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ട് എന്തു ചെയ്തുവെന്ന് പവൻ ഖേര ചോദിച്ചു. എപ്സ്റ്റീൻ ഗ്യാങ് നാളെ ഇന്ത്യക്കെതിരെ തിരിയില്ലെന്നതിന് എന്താണുറപ്പ്? സാധാരണഗതിയിൽ സൈനികാഭ്യാസത്തിന് ഒരു കപ്പലെത്തുന്നത് ആചാരപരമായതിനാൽ അവരുടെ പക്കൽ ആയുധമുണ്ടാകരുതെന്നാണ് വ്യവസ്ഥ. അങ്ങനെ നിരായുധരായി വിളിച്ചുവരുത്തിയ കപ്പലിനെയാണ് ഇന്ത്യയുടെയും
ശ്രീലങ്കയുടെയും അതിർത്തിയിൽ യു.എസ് മുക്കിയത്. വീട്ടിൽ പോയി അടിക്കുമെന്നുപറഞ്ഞ നേതാവിന്റെ വീട്ടുമുറ്റത്തു വന്ന് സ്വന്തം അതിഥിയെ അടിച്ചപ്പോൾ ഒന്നും പറയാനില്ല. ഈ നാവികാഭ്യാസത്തിന് ആദ്യം വരാമെന്നേറ്റ യു.എസ് പിന്നീട് വരാതിരുന്നത് ഇതിനായിരുന്നോ എന്നും യു.എസ് നമ്മുടെ അതിഥിയോട് ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നോ എന്നും ഖേര ചോദിച്ചു.

Post a Comment

Previous Post Next Post