തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി നേടി.സംസ്ഥാനത്ത് ആൻറിമൈക്രാബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്.
ആൻറിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട് എന്നത് സ്ഥാപനതലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും വിലയിരുത്തിയ ശേഷമാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തേക്കാണ് ഈ നേട്ടം.
ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന ആശയം കേരള ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിൻ്റെ (കർസാപ്) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവർത്തന മാർഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രി കൾക്കും ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾക്കും രൂപം നൽകിയത്.
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആൻറി മൈക്രോ റെസിസ്റ്റൻസ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നുണ്ട്. കുടുംബശ്രീ, ഐ സി ഡി എസ് , മെഡിക്കൽ ഷോപ്പുകൾ,വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നു.
*എന്താണ് ആൻറി മൈക്രോബിയൽ പ്രതിരോധം?*
ആൻറിബയോട്ടിക്കുകൾ , ആൻറിഫംഗലുകൾ , ആൻറിവൈറലുകൾ,ആൻറി പാരസൈറ്റുകൾ തുടങ്ങിയ മരുന്നുകളെ പൊതുവായി ആൻറി മൈക്രോബിയൽസ് എന്ന് പറയുന്നു.
മരുന്നുകളുടെ കൃത്യതയില്ലാത്തതും അശാസ്ത്രീയവുമായ ഉപയോഗം രോഗാണുക്കൾക്ക് മരുന്നുകളെ പരിചിതരാക്കുകയും മരുന്നുകൾക്കെതിരെ കരുത്ത് ആർജിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യം ഉണ്ടായാൽ അവശ്യ സാഹചര്യങ്ങളിൽ ഉറപ്പായും പ്രവർത്തിക്കേണ്ട മരുന്നുകൾ ഫലപ്രദമല്ലാതെ വരികയും അണുബാധ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.. രോഗബാധയ്ക്ക് അനുസൃതമായ മരുന്നുകൾ കൃത്യമായ ക്രമത്തിലും അളവിലും കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സാധാരണ പനിക്ക് പോലും ആന്റിബയോട്ടിക്ക് സ്വന്തം നിലയിൽ വാങ്ങി കഴിക്കുന്ന പ്രവണത ഉണ്ട്. ഇത്തരത്തിൽ പല മരുന്നുകളും നിർദ്ദേശമില്ലാതെ കഴിക്കുന്ന നമ്മുടെ പ്രവണത ദൂരവ്യാപകമായ ഫലം ഉണ്ടാകും. മാത്രവുമല്ല ഉപയോഗശൂന്യമായ മരുന്നുകൾ മണ്ണിലും വെള്ളത്തിലും
അലക്ഷ്യമായി വലിച്ചെറിയുന്നത് പോലും മരുന്നുകളുടെ സാന്നിധ്യം മണ്ണിൽ നിലനിർത്തുകയും ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി മനുഷ്യരിലേക്ക് എത്താനും ഇടയാക്കുന്നു. വളർത്തുമൃഗങ്ങളുടെ കാര്യത്തിലും നിർദ്ദേശാനുസരണം അല്ലാത്ത മരുന്നുകളുടെ ഉപയോഗം ഇതേ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്. കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും
ലാഭേച്ഛമൂലം തീറ്റയിലൂടെയും മറ്റും ആന്റിബയോട്ടിക്കുകൾ നൽകുന്നത് മനുഷ്യരിലേക്ക് ഒടുക്കം എത്തിച്ചേരുന്നതിനിടയാക്കുന്നു. ഇത്തരത്തിൽ തെറ്റായ പ്രവണതകൊണ്ട് അറിഞ്ഞോ അറിയാതെയോ ആൻറിബൈക്രോബിയൽ പ്രതിരോധം എന്ന ദുരവസ്ഥ ഉണ്ടാകാനിടയുണ്ട്. ആൻറി മൈക്രോബിയൽ പ്രതിരോധത്തെ ഇല്ലാതെയാക്കുന്നതിനായി അറിവും മനോഭാവവും രൂപപ്പെടുത്തേണ്ടതുണ്ട്. രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് രോഗങ്ങളെ അകറ്റി നിർത്തുന്നത് മുതൽ ശരിയായ ചികിത്സ സ്വീകരിച്ച് ആരോഗ്യ ജീവിതശൈലി രൂപപ്പെടുത്തുന്നത് വരെയുള്ള, ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട ശീലവൽക്കരണം സാധ്യമാക്കേണ്ടതുണ്ട്.

إرسال تعليق