ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയിലും മദീനയിലും മികച്ച താമസസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സൗദി ടൂറിസം മന്ത്രാലയം നടപടികള്‍ കര്‍ശനമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുമാണ് തീരുമാനം. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് മുതല്‍ തീര്‍ത്ഥാടകര്‍ മടങ്ങുന്നത് വരെയുള്ള കാലയളവില്‍ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

മക്കയിലെയും മദീനയിലെയും തീര്‍ത്ഥാടകരുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൗദി ടൂറിസം മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി പ്രത്യേക പിഴ പട്ടിക മന്ത്രാലയം പുറത്തിറക്കി. 1,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന ശിക്ഷ. ഹിജ്‌റ കലണ്ടര്‍ പ്രകാരം ദുല്‍കഅദ് ഒന്ന് മുതല്‍ മുഹറം പകുതി വരെയുള്ള കാലയളവിനെയാണ് ഹജ്ജ് സീസണായി മന്ത്രാലയം കണക്കാക്കുന്നത്. സ്ഥാപനങ്ങളുടെ നിലവാരമനുസരിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പിഴകള്‍ ഈടാക്കുക. 5 സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ലൈസന്‍സില്ലാത്ത താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടും. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി പിഴ തുകയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പമനുസരിച്ച് 25 ശതമാനം മുതല്‍ 100 ശതമാനം വരെയാകും ശിക്ഷാ തുക ഈടാക്കുക. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകും.
ആദ്യഘട്ടത്തില്‍ പിഴയും തുടര്‍ന്ന് സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടലുമാകും ശിക്ഷ. എന്നാല്‍ മൂന്നാം തവണയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. സീസണ്‍ സമയത്ത് നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയായിരിക്കും. തീര്‍ത്ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം മക്കയിലും മദീനയിലും പരിശോധനകള്‍ തുടരും.

Post a Comment

Previous Post Next Post