ഓമശ്ശേരി: നോർത്ത് അമേരിക്കൻ പുൽ മൈതാനിയിൽ ലോകകപ്പ് പൂരാവേശത്തിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മലബാറിന്റെ ഹൃദയഭൂമിയിൽ കാൽപന്തിന്റെ ഉന്മാദ തരംഗം അണപൊട്ടിയൊഴുകുകയാണ്. നാടും നഗരവും കൊടിതോരണങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിക്കപ്പെടുമ്പോൾ, കോഴിക്കോടൻ ഫുട്ബോൾ ഭ്രാന്തിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഓമശ്ശേരിയിലെ അമ്പലക്കണ്ടി. മലയോരത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും തുളുമ്പുന്ന രാജീവ് ഗാന്ധി വയൽ (കുമ്പളോട്ട് നട) ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പ്രതീതിയിലാണ്. ലോക ഫുട്ബോളിലെ സുൽത്താന്മാർ പരസ്പരം പോരടിക്കാൻ ഇവിടെ വന്നിറങ്ങിയിട്ടുണ്ടോ എന്ന് തോന്നിപ്പിക്കും വിധമാണ് ഇവിടുത്തെ കാഴ്ചകൾ!

എല്ലാം തുടങ്ങിയത് ഒരു പകലിലായിരുന്നു. "ഞങ്ങളാദ്യമേ കളം നിറയും" എന്ന് പ്രഖ്യാപിച്ചുകൊണ്ട് പോർച്ചുഗൽ ആരാധകർ അമ്പലക്കണ്ടി വയലിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു. ആകാശത്തേക്ക് വിരൽ ചൂണ്ടി നിൽക്കുന്ന റൊണാൾഡോയെ കണ്ട് പോർച്ചുഗൽ ക്യാമ്പ് ആഹ്ലാദ തിമിർപ്പിലായെങ്കിലും ബ്രസീൽ ആരാധകർ മിണ്ടാതിരുന്നില്ല. തൊട്ടുപിന്നാലെ അതിനേക്കാൾ ഉയരത്തിൽ കാനറികളുടെ മഞ്ഞക്കുപ്പായത്തിൽ മന്ത്രജാലം തീർക്കുന്ന നെയ്മർ ജൂനിയറിന്റെ കട്ടൗട്ടുമായി മഞ്ഞപ്പടയും വയലിൽ നിലയുറപ്പിച്ചു.

രാജാവായി മെസ്സി;
ജനസാഗരമായി വയൽ

പൂരപ്പറമ്പിലെ തനിയാവർത്തനം പോലെ പോരാട്ടം മുറുകിയ നിമിഷമായിരുന്നു അടുത്തത്. "ക്ലൈമാക്സിൽ വരാനാണ് യഥാർത്ഥ രാജാവിന് ഇഷ്ടം" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അർജന്റീനിയൻ ആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടുമായി വയലിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ ദിവസം മെസ്സി കൂടി ഉയർന്നതോടെ, വലിപ്പത്തിലും തലപ്പൊക്കത്തിലും 'ഈശോ' കൂട്ടത്തിലെ രാജാവായി മാറി. മെസ്സിയുടെ കട്ടൗട്ട് വാനിലേക്ക് ഉയർന്ന നിമിഷം അമ്പലക്കണ്ടി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ജനബാഹുല്യത്തിനാണ്. മാധ്യമപ്രവർത്തകരുടെ കാമറക്കണ്ണുകളും നാട്ടുകാരുടെ മൊബൈൽ സ്‌ക്രീനുകളും ആ ദൃശ്യം ഒപ്പിയെടുത്തു. നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയുടെ ഫീഡുകളാകെ അമ്പലക്കണ്ടിയുടെ ഈ ദൃശ്യങ്ങൾ കൈയടക്കിക്കഴിഞ്ഞു.

ചരിത്രഭൂമിയിൽ ഇനി കാൽപന്ത് ചരിത്രം

മലയോരത്തിന്റെ ഈ പച്ച വയലിന് ഒരു പഴയ രാഷ്ട്രീയ കഥ കൂടി പറയാനുണ്ട്. 1987-ൽ ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വന്ന് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത ചരിത്രഭൂമിയാണിത്. അന്ന് രാഷ്ട്രീയത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മണ്ണ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ ഉന്മാദത്തിലാണ്.
കഴിഞ്ഞ ലോകകപ്പിൽ മലയമ്മ പുള്ളാവൂർ പുഴയിൽ ഉയർന്ന കട്ടൗട്ടുകൾ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ ഫിഫ ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. അന്ന് കേരളത്തിന്റെ ഫുട്ബോൾ പ്രേമം ലോകം മുഴുവൻ ചർച്ച ചെയ്തതുപോലെ, ഇത്തവണ അമ്പലക്കണ്ടിയുടെ പേരും ലോകത്തിന്റെ നെറുകയിൽ എത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇവിടുത്തെ യുവാക്കൾ.
പ്രിയ താരങ്ങളോടുള്ള അടങ്ങാത്ത പ്രണയവും സ്വന്തം ടീമിന്റെ വിജയപ്രതീക്ഷയും ചാലിച്ച് എഴുതിയ ഈ കട്ടൗട്ട് യുദ്ധം, വരും ദിവസങ്ങളിൽ അമ്പലക്കണ്ടിയെ കൂടുതൽ വാശിയേറിയ കളിപ്പൂരത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. പന്തുരുളുന്നത് വിദേശത്താണെങ്കിലും, അതിന്റെ ഹൃദയമിടിപ്പ് ദാ ഇവിടെ ഈ അമ്പലക്കണ്ടിയിലാണെന്ന് ഈ ചെറുപ്പക്കാർ തെളിയിച്ചു കഴിഞ്ഞു.

തയ്യാറാക്കിയത്:
ബദ്റുൽ മുനീർ,വെളിമണ്ണ

Post a Comment

أحدث أقدم