കോടഞ്ചേരി : വേളംകോട് ജൂൺ 26, 2026 ഭൂട്ടാനിൽ നടന്ന അന്താരാഷ്ട്ര ആട്യ-പാട്യ ചാമ്പ്യൻഷിപ്പുകളിൽ ഇരട്ട സ്വർണനേട്ടം സ്വന്തമാക്കി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ക്ലിയ ജോസ് നാടിന് അഭിമാനമായി.
10-ാമത് സീനിയർ സൗത്ത് ഏഷ്യൻ ആട്യ-പാട്യ ചാമ്പ്യൻഷിപ്പ് 2026-ലും 1-ാമത് ജൂനിയർ ഏഷ്യൻ ആട്യ-പാട്യ ചാമ്പ്യൻഷിപ്പ് 2026-ലും ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ക്ലിയ ഇരു മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സ്കൂളിൽ 'പാഷൻ 2K26' ഫുട്ബോൾ ആരാധക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വീകരണ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി. എന്നിവർ ചേർന്ന് ക്ലിയയെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.
അധ്യാപക ദമ്പതികളായ ജോസ് ജോസഫിന്റെയും ഷെർലി വി.ജെയുടെയും മകളാണ് ക്ലിയ. കായികരംഗത്തെ മികവിനൊപ്പം പഠനത്തിലും മികവ് പുലർത്തുന്ന ക്ലിയയുടെ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദനം അറിയിച്ചു.
"പ്രതിഭയും പരിശ്രമവും ഒരുമിക്കുമ്പോൾ വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാനാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ക്ലിയ ജോസ്" എന്ന് അധ്യാപകരും സഹപാഠികളും അഭിപ്രായപ്പെട്ടു.
കഠിനാധ്വാനവും അച്ചടക്കവും കൈമുതലാക്കി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ തുടർച്ചയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ക്ലിയ മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.


إرسال تعليق