താമരശ്ശേരി :
മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ കൊടുവള്ളി നിയോജക മണ്ഡലത്തിലെ താമരശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രി താലൂക്ക് ഹെഢ് ക്വാർട്ടർ ആശുപത്രിയായി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ പ്രഖ്യാപിച്ചതായി പി.കെ ഫിറോസ് എം.എൽ.എ അറിയിച്ചു.

1927-ൽ സ്ഥാപിതമായ ഈ ആശുപത്രിക്ക് ഏകദേശം ഒരു നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുണ്ട്. കോഴിക്കോട്–വയനാട് ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആശുപത്രി പ്രതിദിനം ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സാ സേവനം നൽകിവരികയാണ്.


വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിലും അത്യാഹിത സാഹചര്യങ്ങളിലും പൊതുജനങ്ങൾ ആശ്രയിക്കുന്ന പ്രധാന സർക്കാർ ആശുപത്രി കൂടിയാണിത്. എന്നാൽ നിലവിലെ രോഗി ബാഹുല്യവും സേവന ആവശ്യകതയും പരിഗണിക്കുമ്പോൾ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്.

താമരശ്ശേരി താലൂക്കിന്റെ ആസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും, അതിനാവശ്യമായ കെട്ടിട വികസനം, ആധുനിക ചികിത്സാ ഉപകരണങ്ങൾ, അധിക മെഡിക്കൽ-പാരാമെഡിക്കൽ തസ്തികകൾ, ലാബ് സൗകര്യങ്ങൾ, അടിയന്തര ചികിത്സാ വിഭാഗം എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ പ്രത്യേക വിഹിതം അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ട് പി.കെ ഫിറോസ് എം.എൽ.എ, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യ മന്ത്രി ഇന്ന് കോഴിക്കോട് നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ ഹെഢ് ക്വാർട്ടർ ഹോസ്പിറ്റലായി പ്രഖ്യാപിച്ചത്.

പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മലയോര മേഖലയിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി ഏറെ സഹായകരമാകുമെന്നും എം.എൽ.എ അറിയിച്ചു.



Post a Comment

Previous Post Next Post