തിരുവമ്പാടി:
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം മുതൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ തുടർച്ചയായി നടന്നുവന്ന 'തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ വിപുലമായ പരിപാടികളോടെ സമാപിച്ചു.
സമാപന സമ്മേളന ഉദ്ഘാടനം വിദ്യാലയ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ 'പേപ്പർ റോക്കറ്റ് ലോഞ്ച്' ചെയ്തുകൊണ്ട് നിർവ്വഹിച്ചു. വിദ്യാലയത്തിലെ എൻ.എസ്.എസ് (NSS), റോവർ റേഞ്ചർ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഒന്നിച്ച് ചേർന്നാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്.
ഇതിന്റെ ഭാഗമായി വിദ്യാലയ മൈതാനത്ത് വിദ്യാർത്ഥികളെ വരിവരിയായി നിർത്തി ഇംഗ്ലീഷിൽ 'TOOFAN' എന്ന അക്ഷരങ്ങൾ രൂപപ്പെടുത്തിക്കൊണ്ട് നടത്തിയ 'തൂഫാൻ ചെയിൻ' കാണികൾക്ക് വേറിട്ടൊരു കാഴ്ചയായി മാറി.
ക്യാമ്പയിന്റെ പ്രധാന ആകർഷണമായിരുന്ന 'വൺ മില്യൺ തൂഫാൻ ഗോൾ' ചലഞ്ചിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. കായിക വിനോദത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം പകർന്ന ഈ ചലഞ്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്.
ആഴ്ചകൾ നീണ്ടുനിന്ന ഈ ജനകീയ ക്യാമ്പയിനിൽ വൻ ജനപങ്കാളിത്തത്തോടെയാണ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്.
ക്ലാസ് മുറികളിൽ കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ 'തൂഫാൻ ചാർട്ട് ക്യാമ്പയിൻ', ലഹരിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ, കുട്ടികളുടെ സർഗ്ഗാത്മകത ഉണർത്തിയ പോസ്റ്റർ നിർമ്മാണം, 'ലഹരിക്കെതിരെ കയ്യൊപ്പ്' ഒപ്പുശേഖരണ ക്യാമ്പയിൻ എന്നിവ സ്കൂളിൽ വച്ച് നടന്നു.
കൂടാതെ, ലഹരിയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികൾ തിരുവമ്പാടി ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ് മോബും, പ്ലക്കാർഡുകളേന്തിയ ലഹരിവിരുദ്ധ റാലിയും, തുടർന്നുണ്ടായ ബോധവൽക്കരണ പ്രസംഗങ്ങളും ഏറെ ശ്രദ്ധേയമായി.
വിദ്യാലയത്തിന് പുറമെ, വിദ്യാർത്ഥികളും അധ്യാപകരും നേരിട്ട് പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുകയും, 'ലഹരിമുക്ത ഭവനം', 'ലഹരിമുക്ത സ്ഥാപനം' എന്നീ ബോർഡുകളും സ്റ്റിക്കറുകളും പതിക്കുകയും ചെയ്തു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സിനി ടോം, സ്റ്റാഫ് സെക്രട്ടറി മാനസി മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, റോവർ റേഞ്ചർ ലീഡർമാരായ മനു ബേബി, ലിൻഡ തോമസ്, തൂഫാൻ കോർഡിനേറ്റർ പ്രസീന പി.വി, അധ്യാപകരായ നിഷാ ജോൺ, കൊച്ചുറാണി.വി, വിൽസൺ എൻ.ജെ, ജസ്റ്റിൻ ജോസ്, സിസ്റ്റർ മിനി റോസ്, റിച്ചാൾഡ് ജോൺ എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ മാനേജ്‌മെന്റ്, പി.ടി.എ, അധ്യാപകർ, അനാധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ മഹാ ക്യാമ്പയിൻ പൂർത്തിയായത്.

Post a Comment