ഗസ്സ: രണ്ടു പതിറ്റാണ്ടോളം ഗസ്സ ഭരിച്ച ഹമാസ്, തങ്ങളുടെ ഭരണസംവിധാനം കൈമാറാൻ തീരുമാനിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്. ഗസ്സയുടെ സിവിൽ ഭരണാധികാരം യു.എൻ പിന്തുണയുള്ള ഒരു ‘ടെക്നോക്രാറ്റിക് കമ്മിറ്റിക്ക്’ (സാങ്കേതിക വിദഗ്ധരുടെ സമിതി) കൈമാറാനാണ് ഹമാസ് തീരുമാനിച്ചത്. 2025ൽ നിലവിൽ വന്ന യുഎസ്-മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ ഒരു പ്രഖ്യാപനത്തെ വലിയ രാഷ്ട്രീയ നീക്കമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഒപ്പം ഹമാസിന്റെ ഭാവി പ്രവർത്തനങ്ങളിലേക്കും ലോകം ഉറ്റുനോക്കുകയാണ്. 2006തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗസ്സയിൽ അധികാരമുറപ്പിച്ച ഹമാസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിട്ടുവീഴ്ചയാണിത്. പൊതുജന സേവനം നൽകുന്നതിനായി സാങ്കേതികവും പ്രഫഷണലുമായ ജീവനക്കാർ മാത്രം തുടരുമെന്നും ബാക്കി ഭരണചുമതല പുതിയ സമിതിക്ക് കൈമാറുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമുള്ള പുനർനിർമാണത്തിൽ തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് തെളിയിക്കാനാണ് ഈ നീക്കമെന്ന് അവർ അവകാശപ്പെടുന്നു.
ഹമാസ് തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തൽ കരാർ പ്രകാരം ആയുധങ്ങളുടെ നിയന്ത്രണമടക്കം ഒരൊറ്റ ഭരണകൂടത്തിന്റെ കീഴിൽ വരണമെന്ന നിബന്ധനയുണ്ട്. എന്നാൽ, ഇതിനോട് ഹമാസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തങ്ങൾ സൈനിക ശേഷി നിലനിർത്തുന്നിടത്തോളം കാലം സിവിൽ ഭരണകൂടം ഹമാസിന്റെ കീഴിൽ തന്നെയായിരിക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ വാദിക്കുന്നു. വെടിനിർത്തലും പുനർനിർമ്മാണവും നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട യു.എസ് നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ സംഭവത്തിൽ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. വാഗ്ദാനങ്ങളല്ല, മറിച്ച് പ്രവൃത്തികളാണ് പ്രധാനം എന്ന് അവർ വ്യക്തമാക്കി.
ഹമാസിന്റെ തീരുമാനത്തിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്ന് ലങ്കാസ്റ്റർ സർവകലാശാലയിലെ പ്രഫസർ സൈമൺ മബോൺ ചൂണ്ടികാണിക്കുന്നു.
പ്രായോഗികതയിൽ ഊന്നിയുള്ള ഒരു നീക്കമാണിതെന്നാണ് മാബോൺ പറയുന്നത്. ഗസ്സയിലെ സാഹചര്യം വളരെ പരിതാപകരമാണ്. തകർന്നടിഞ്ഞ ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സഹായമെത്തിക്കാനുള്ള പ്രയാസം എന്നിവ കാരണം ഹമാസിന് പഴയതുപോലെ ഭരണനിർവ്വഹണം അസാധ്യമാണ്. ജനങ്ങളെ സംരക്ഷിക്കാനുള്ള ഒരു അതിജീവന തന്ത്രമായി ഈ മാറ്റത്തെ കാണാം. മറ്റൊന്ന് സമ്മർദ്ദ തന്ത്രമാണ്. വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കാനും ഇസ്രായേലിന്റെ അക്രമങ്ങൾ അവസാനിപ്പിക്കാനും അമേരിക്കക്കും ഇസ്രായേലിനും മേൽ സമ്മർദ്ദം ചെലുത്താനാണ് ഹമാസ് ശ്രമിക്കുന്നത്. സായുധ പോരാട്ടത്തിലൂടെയല്ല, മറിച്ച് രാഷ്ട്രീയമായ ഈ നീക്കത്തിലൂടെ ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് അവരുടെ ലക്ഷ്യം.
അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ടെക്നോക്രാറ്റിക് കമ്മിറ്റിക്ക് ഗസ്സയിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമെന്നത് ചോദ്യചിഹ്നമാണ്. പുറത്തുനിന്നുള്ള ഭരണസംവിധാനങ്ങളോട് പല ഫലസ്തീനികൾക്കും സംശയമുണ്ട്. ഇസ്രായേലിന്റെ നിയന്ത്രണങ്ങളും രാഷ്ട്രീയ ഭിന്നതകളും തുടരുന്നിടത്തോളം കാലം ഒരു ഭരണകൂടത്തിന് ഭക്ഷണം, മരുന്ന്, വൈദ്യുതി തുടങ്ങിയ സേവനങ്ങൾ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇറാൻ, ഖത്തർ, ഈജിപ്ത്, ഫലസ്തീൻ അതോറിറ്റി എന്നിവരുടെ നിലപാടുകളും ഗസ്സയുടെ ഭാവിയെ നിർണയിക്കുന്നതിൽ പ്രധാനമാണ്. പ്രത്യേകിച്ച്, ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച തർക്കം പരിഹരിക്കപ്പെടാതെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക പ്രയാസമാണ്.
2006ലെ പ്രാദേശിക തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 2007 മുതൽ ഗസ്സയിൽ ഭരണം നിയന്ത്രിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ശേഷം, ഭരണപരമായ ചുമതലകളിൽ നിന്ന് പിന്മാറാൻ തങ്ങൾ തയാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു.
ഇസ്രായേലിന്റെ അധിനിവേശത്തിന് നൽകുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഹമാസ് വക്താവ് ഹാസം ഖാസിം പറഞ്ഞത്. ‘ഇതൊരു വംശഹത്യയുദ്ധമാണ്. നമ്മുടെ ജനങ്ങൾക്കെതിരായ ഈ ആക്രമണങ്ങൾക്ക് തടയിടാൻ ഗസ്സയുടെ ഭരണച്ചുമതലയിൽ നിന്ന് ഞങ്ങൾ പിന്മാറുന്നു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കാൻ ഹമാസ് പൂർണ പിന്തുണ നൽകും,’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭരണമാറ്റമുണ്ടായാലും ഗസ്സയിലെ സുരക്ഷാ സംവിധാനത്തിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷാ ശൂന്യത ഒഴിവാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളിൽ തുടരുമെന്ന് ഇസ്മായിൽ അൽ-തവാബ്ത അൽ-ജസീറയോട് പറഞ്ഞു.
തകർന്നടിഞ്ഞ ഗസ്സയിലെ ജനങ്ങൾക്ക് സമാധാനപരമായ ഭാവിയിലേക്കുള്ള വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭരണമാറ്റം നടക്കുന്നത്. വംശഹത്യയുടെയും പട്ടിണിയുടെയും കെടുതികൾക്കിടയിൽ ഉഴലുന്ന ഗസ്സയിലെ സാധാരണക്കാർക്ക്, പുതിയ സാങ്കേതിക ഭരണകൂടം നൽകുന്ന ആശ്വാസമെന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇനിയെങ്കിലും തങ്ങളുടെ മുറിവുകൾ ഉണങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ ജനത.



إرسال تعليق