ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക്കിന് കോടതി വധശിക്ഷ വിധിച്ചു
ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക്കിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെത്തുടർന്നാണ് പ്രതി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ദാരുണമായ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവരികയും രാജ്യമനസ്സാക്ഷിയെ നടുക്കുകയും ചെയ്തിരുന്നു.
ശിക്കോഹാബാദിലെ യാദവ് കോളനിയിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു രതിയും ഒന്നര വയസ്സുകാരനായ മകൻ ആരവും. പ്രതിയായ വിരാജിന് രതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ അവർ ഈ ആവശ്യം നിരസിച്ചു. വിവാഹത്തിന് തടസ്സം നിൽക്കുന്നത് ഈ കുഞ്ഞാണെന്ന് കരുതിയ പ്രതി കുട്ടിയെ അപായപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ പ്രതി, റോഡിലേക്ക് എട്ട് തവണയോളം ക്രൂരമായി എടുത്ത് അടിച്ചാണ് കൊലപ്പെടുത്തിയത്.
ഈ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ പ്രതിയുടെ ഇരു കാലുകളിലും വെടിയേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് അതിവേഗ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയായ ജിതേന്ദ്ര പഥകിന് വധശിക്ഷ വിധിച്ചത്.

إرسال تعليق