കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിൽ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഗണിച്ച് പ്രസരണ-വിതരണ രംഗങ്ങളിൽ സമഗ്ര വികസന പദ്ധതി നടപ്പാക്കുകയും മണ്ഡലത്തിന് പ്രത്യേക വൈദ്യുതി വികസന പാക്കേജ് അനുവദിക്കുകയും ചെയ്യണമെന്ന് പി.കെ. ഫിറോസ് എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി. കോഴിക്കോട് ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്.

മണ്ഡലത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ സബ് സ്റ്റേഷനുകൾ, 11 കെ.വി. ഫീഡറുകൾ, ട്രാൻസ്ഫോർമറുകൾ, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടുവള്ളി മേഖലയിലെ വൈദ്യുതി വിതരണം നിലവിൽ പ്രധാനമായും മടവൂർ 110 കെ.വി. സബ് സ്റ്റേഷനെ ആശ്രയിച്ചാണ് നടക്കുന്നത്. കൊടുവള്ളി ടൗൺ, നരിക്കുനി, കുരുവട്ടൂർ, പന്നൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം ഈ സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി. ഫീഡറുകളിലൂടെയാണ്. എന്നാൽ ജനസംഖ്യാ വർധനയും വ്യാപാര-വ്യവസായ മേഖലയിലെ വളർച്ചയും കാരണം വൈദ്യുതി ആവശ്യകത ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊടുവള്ളി ടൗണിനോട് ചേർന്ന് പുതിയ 33 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ വ്യക്തമാക്കി.

നിലവിൽ 33 കെ.വി. ലൈൻ കടന്നുപോകുന്ന കമ്പനിയുമുക്ക് ഭാഗത്ത് നിന്ന് കുറുങ്ങോട്ടുകടവ് പാലം വഴി പുൽപ്പറമ്പ് മുക്ക് പ്രദേശത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള സാധ്യത കെ.എസ്.ഇ.ബി. പരിശോധിച്ചുവരുന്നതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 

കഴിഞ്ഞ വേനൽക്കാലത്ത് ഓവർലോഡ് മൂലം പല ഫീഡറുകളിലും വൈദ്യുതി തടസ്സം അനുഭവപ്പെട്ട സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താമരശ്ശേരി, ഓമശ്ശേരി, കൊടുവള്ളി മേഖലകളിലെ വികസനവും വൈദ്യുതി ആവശ്യകതയും വർധിച്ചുവരുന്ന സാഹചര്യത്തിൽ വാവാട്–അണ്ടോണ മേഖലയിൽ പുതിയ 110 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ താമരശ്ശേരി 110 കെ.വി. സബ് സ്റ്റേഷൻ പെരുമ്പള്ളിയിലായതിനാൽ ദൂരപരിധിയും വർധിച്ചുവരുന്ന ലോഡും പരിഗണിക്കുമ്പോൾ പുതിയ സബ് സ്റ്റേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കട്ടിപ്പാറ അമ്പായത്തോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വ്യവസായ യൂണിറ്റുകൾക്ക് തടസ്സരഹിത വൈദ്യുതി ലഭ്യമാക്കുന്നതിനായി സമീപത്തെ താമരശ്ശേരി 110 കെ.വി. സബ് സ്റ്റേഷനിൽ നിന്ന് 33 കെ.വി. ലൈൻ അല്ലെങ്കിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വ്യവസായ പാർക്കിനുള്ളിൽ കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള സാധ്യത വ്യവസായ വകുപ്പുമായി ചേർന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ വൈദ്യുതി വിതരണം പ്രധാനമായും കൊടുവള്ളി, നരിക്കുനി, താമരശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളുടെ കീഴിലാണ്. 33,000-ത്തിലധികം ഉപഭോക്താക്കളുള്ള കൊടുവള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വിഭജിച്ച് എളേറ്റിൽ വട്ടോളി കേന്ദ്രമാക്കി പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലനിൽക്കുന്നതാണെന്ന് എം.എൽ.എ പറഞ്ഞു. ഉപഭോക്താക്കൾ കുറവുള്ള നിരവധി പുതിയ സെക്ഷൻ ഓഫീസുകൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ അനുവദിച്ചിട്ടും കൊടുവള്ളിയുടെ ന്യായമായ ആവശ്യം പരിഗണിക്കാത്തത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടുവള്ളിയുടെ ഭാവി വികസനവും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും മുൻനിർത്തി പുതിയ 11 കെ.വി. ഫീഡറുകൾ, പുതിയ ട്രാൻസ്ഫോർമറുകൾ, നിലവിലുള്ള ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കൽ, പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം, വിതരണ ശൃംഖലയുടെ സമഗ്ര നവീകരണം എന്നിവ ഉൾപ്പെടുത്തി 'കൊടുവള്ളി സ്പെഷ്യൽ വൈദ്യുതി വികസന പാക്കേജ്' നടപ്പാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ഇതിനായി കെ.എസ്.ഇ.ബിയുടെ പ്രസരണ-വിതരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സാങ്കേതിക പഠനം നടത്തി സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കി അടിയന്തരമായി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും പി.കെ. ഫിറോസ് എം.എൽ.എ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم