വാഷിംഗ്ടൺ : ഇസ്രയേലിന് വൻതോതിൽ ആയുധങ്ങൾ വിൽക്കാൻ ഒരുങ്ങി അമേരിക്ക. 2.8 ബില്യൺ ഡോളർ വിലമതിക്കുന്ന കരാറിലൂടെ 40,000 ബോംബുകളാണ് ഇസ്രയേലിന് നൽകാൻ പദ്ധതിയിടുന്നത്. സമീപ വർഷങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ ആയുധ ഇടപാടുകളിലൊന്നാണിത്. സൈനിക സഹായ പദ്ധതിയിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
അമേരിക്കൻ ജനതയുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ഇത്തരം ആയുധ ഇടപാടുകൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഈ കരാർ പ്രകാരം 20,000 എംകെ 84 ബോംബുകളും 20,000 ബിഎൽയു-117 ബോംബുകളും 20,000 ഐ-2000 പെനട്രേറ്റർ പോർമുനകളുമാണ് ഇസ്രയേലിന് വിതരണം ചെയ്യുന്നത്.
അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ ശേഖരത്തിലെ ഏറ്റവും വിനാശകരമായ ആയുധങ്ങളിലൊന്നാണ് എംകെ 84 ബോംബുകൾ. വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും ലോഹങ്ങളും തകർക്കാൻ ശേഷിയുള്ളവയാണ് ഈ ബോംബുകൾ. പൊട്ടിത്തെറിച്ചാൽ ആയിരക്കണക്കിന് അടി ദൂരത്തേക്ക് വലിയ ലോഹക്കഷണങ്ങൾ ചിതറിത്തെറിക്കും. പതിക്കുന്നിടത്ത് വലിയ ഗർത്തങ്ങൾ സൃഷ്ടിക്കാൻ മാത്രം പ്രഹരശേഷിയുള്ളവയാണ് എംകെ 84.
പശ്ചിമേഷ്യയിൽ ഗാസയിലും ലെബനനിലും ഇസ്രയേൽ ഇത്തരം ബോംബുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് ഉപയോഗിക്കുമ്പോഴുണ്ടായേക്കാവുന്ന ആശങ്കയെത്തുടർന്ന് രണ്ട് വർഷം മുൻപ് ജോ ബൈഡൻ ഇവയുടെ വിതരണം നിർത്തിവെച്ചിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ഈ വിലക്ക് നീക്കിയത്.
ഗാസയിലും ലെബനനിലും ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെയാണ് പുതിയ ആയുധക്കച്ചവടം. കഴിഞ്ഞ വർഷവും അമേരിക്കൻ കോൺഗ്രസിന്റെ സാധാരണ പരിശോധനാ നടപടികൾ മറികടന്ന് ട്രംപ് ഭരണകൂടം 3 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനക്ക് അംഗീകാരം നൽകിയിരുന്നു. ജനുവരിയിൽ 6.67 ബില്യൺ ഡോളറിന്റെ മറ്റൊരു ആയുധ വിൽപ്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്.
ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇസ്രയേൽ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 73,000ത്തിലധികം പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയതായി ലോകത്താകെയാള്ള സമാധാന സംഘടനകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം നിലനില്ക്കെയാണ് അമേരിക്ക ഇസ്രയേലിന് യുദ്ധം വ്യാപിപ്പിക്കാൻ പുതിയ ആയുധങ്ങൾ നൽകുന്നത്.

إرسال تعليق